ഭീകരവാദത്തിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക 

250ലേറെ പേരുടെ മരണത്തിന് വഴിയൊരുക്കിയ ഈസ്റ്റര്‍ സ്‌ഫോടനത്തില്‍ പങ്കാളികളായ ഭൂരിഭാഗം പേരും അറസ്റ്റ് ചെയ്യപ്പെട്ടതോ മരിച്ചതോ ആയി പ്രധാനമന്ത്രി പാര്‍മലെന്റിനെ അറിയിച്ചു 

Update: 2019-05-08 04:20 GMT
Advertising

ഈസ്റ്റര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്നും രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതായും വിക്രമസിംഗെ പാര്‍മലെന്റില്‍ പറഞ്ഞു. 250ലേറെ പേരുടെ മരണത്തിന് വഴിയൊരുക്കിയ ഈസ്റ്റര്‍ സ്‌ഫോടനത്തില്‍ പങ്കാളികളായ ഭൂരിഭാഗം പേരും അറസ്റ്റ് ചെയ്യപ്പെട്ടതോ മരിച്ചതോ ആയി പ്രധാനമന്ത്രി പാര്‍മലെന്റിനെ അറിയിച്ചു.

പ്രാദേശിക സഹായത്തോടെയാണ് ഐ.എസ് പദ്ധതി ആക്രമണം ചെയ്തത് എന്നുതന്നെയാണ് നിഗമനം. അതുകൊണ്ട് തന്നെ വീണ്ടും ആക്രമണത്തിനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ലെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പറഞ്ഞ വിക്രമസിംഗെ, ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്നും വ്യക്തമാക്കി. ഈസ്റ്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവാദികള്‍ക്ക് പ്രാദേശിക സഹായം നല്‍കിയവര്‍ക്കുള്ള തെരച്ചില്‍ നടക്കുന്നു.

എട്ട് രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരും എഫ്ബിഐയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം തുടരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങളിലും കര്‍ശന സുരക്ഷ തുടരുകയാണ്. ജനജീവിതം സാധാരണ ഗതിയിലേക്കെത്തുമ്പോഴും പൊതുയിടങ്ങളില്‍ ജനത്തിരക്ക് കുറവാണ്. രാജ്യത്തെ ടൂറിസം മേഖലയേയും ഭീകരാക്രമണം സാരമായി ബാധിച്ചു. ഹോട്ടലുകളിലും വിനോദസഞ്ചാരമേഖലകളിലും വന്‍തിരിച്ചടിയാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.

Tags:    

Similar News