ആണവ കരാര്‍: വന്‍ശക്തി രാജ്യങ്ങള്‍ക്ക് ഇറാന്‍ സമയ പരിധി നീട്ടി നല്‍കി

ഇറാന്‍ കരാറില്‍ ഉറച്ച് നില്‍ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതോടെ സമയപരിധി സെപ്തംബര്‍ വരെ നീട്ടാന്‍ ഇറാന്‍ തയ്യാറായി.

Update: 2019-07-09 10:00 GMT
Advertising

യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിക്കുന്ന നടപടികളില്‍ നിന്ന് ഇറാന്‍ അടിയന്തരമായി പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ആണവ കരാര്‍ പ്രകാരമുള്ള പരിധിയായ 3.7 ശതമാനം മറികടന്ന ഇറാന്റെ നീക്കത്തില്‍ യൂണിയന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. അതിനിടെ ആണവ കരാറിനെ രക്ഷിക്കാനുള്ള അവസാന അവസരമെന്ന നിലയില്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ക്ക് സെപ്തംബര്‍ വരെ സമയ പരിധി നീട്ടി നല്‍കുന്നതായി ഇറാനും പ്രതികരിച്ചു.

2015ലെ ആണവ കരാര്‍ പ്രകാരമുള്ള യുറേനിയം സമ്പുഷ്ടീകരണ പരിധിയായ 3.7 ശതമാനം തിങ്കളാഴ്ച മറികടന്നെന്ന ഇറാന്റെ പ്രസ്താവനക്ക് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം. കരാറിന് വിഘാതമേൽപിക്കുന്ന എല്ലാതരം നടപടികളിൽ നിന്നും ഇറാൻ പിന്മാറണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന പക്ഷം ഇറാനെതിരെ ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാവില്ലെന്നായിരുന്നു 2015ലെ കരാറിലുള്ളത്.

എന്നാല്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ ഇറാനെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുകയും ചെയ്തു. ഇതോടെ, ഉചിതമായ നടപടികൾ സ്വീകരിക്കാൻ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ 60 ദിവസത്തെ സമയം അനുവദിച്ചു. ഈ സമയം കഴിഞ്ഞതോടെയാണ് പിന്മാറുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇറാന്‍ കരാറില്‍ ഉറച്ച് നില്‍ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടതോടെ സമയപരിധി സെപ്തംബര്‍ വരെ നീട്ടാന്‍ ഇറാന്‍ തയ്യാറായി. ഇതിനിടയില്‍ കരാര്‍ പാലിക്കാന്‍ വന്‍ശക്തികള്‍ക്ക് ആയില്ലെങ്കില്‍ ഇറാന്‍ സ്വന്തം വഴിനോക്കുമെന്നാണ് പ്രഖ്യാപനം.

Tags:    

Similar News