ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനിക അഭ്യാസം നടക്കാനിരിക്കെ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

വോന്‍സണില്‍ നിന്ന് തൊടുത്ത രണ്ട് മിസൈലുകളും 50 കിലോമീറ്റര്‍ ഉയരവും 430 കിലോമീറ്റര്‍ ദൂരവും താണ്ടിയെന്ന് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

Update: 2019-07-26 02:57 GMT
Advertising

ദക്ഷിണ കൊറിയ - അമേരിക്ക സംയുക്ത സൈനിക അഭ്യാസം നടക്കാനിരിക്കെ ഉത്തരകൊറിയ ജപ്പാന്‍ കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തുള്ള വോന്‍സണില്‍ നിന്ന് തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് പുതുതായി രൂപകല്‍പ്പന ചെയ്തതാണെന്ന് ദക്ഷിണകൊറിയ സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. അമേരിക്ക ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം അടുത്ത മാസം നടക്കാനിരിക്കെ അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.

വോന്‍സണില്‍ നിന്ന് തൊടുത്ത രണ്ട് മിസൈലുകളും 50 കിലോമീറ്റര്‍ ഉയരവും 430 കിലോമീറ്റര്‍ ദൂരവും താണ്ടിയെന്ന് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉത്തരകൊറിയയുടെ നടപടി മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കില്ലെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. മേഖലയിലെ സൈനിക സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കാത്തതാണ് ഉത്തരകൊറിയയുടെ നടപടി, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ പാടില്ല, സംഭവങ്ങള്‍ പ്രതിരോധ മന്ത്രാലയും സൂക്ഷ്മമായി പരിശോധിക്കുകയാണ്.

ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈലുകള്‍ ജപ്പാന്‍ കടലില്‍ പതിച്ചെങ്കിലും അവ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ജപ്പാന്‍ പ്രതിരോധ വൃത്തങ്ങളും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ‍് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. അതേസമയം ദക്ഷിണ കൊറിയ അമേരിക്ക സംയുക്ത സൈനിക അഭ്യാസം മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News