അമേരിക്ക - ഇറാന്‍ ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നു

സെപ്തബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലില്‍ പങ്കെടുക്കാന്‍ ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ന്യൂയോര്‍ക്കിലെത്തുന്നുണ്ട്. ഈ സമയത്ത് ചര്‍ച്ച നടക്കാനാണ് സാധ്യത

Update: 2019-08-27 05:33 GMT
Advertising

അമേരിക്ക - ഇറാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു. ഡൊണാള്‍ഡ് ട്രംപും ഹസന്‍ റൂഹാനിയും അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ജി 7 ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫിന്റെ അപ്രതീക്ഷിത സാന്നിധ്യത്തില്‍ അതൃപ്തി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന സാഹചര്യത്തിലാണ്, മണിക്കൂറുകള്‍ക്കകം ട്രംപ് നിലപാട് മയപ്പെടുത്തിയത്.

ജി 7 ഉച്ചകോടിയുടെ സമാപനത്തില്‍ മാക്രോണിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചത്. ഇറാനുമായി ചര്‍ച്ചക്ക് വിയോജിപ്പ് ഇല്ലെന്നും മാക്രോണ്‍ തന്റെ അനുവാദം ചോദിച്ചിരുന്നെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ ഭരണ മാറ്റത്തിനല്ല അമേരിക്ക ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

സെപ്തബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലില്‍ പങ്കെടുക്കാന്‍ ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ന്യൂയോര്‍ക്കിലെത്തുന്നുണ്ട്. ഈ സമയത്ത് ചര്‍ച്ച നടക്കാനാണ് സാധ്യത. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏകപക്ഷീയി അമേരിക്ക പിന്‍മാറിയതിന് ശേഷം പശ്ചിമേഷ്യയില്‍ രൂപപ്പെട്ട രാഷ്ട്രീയ - സുരക്ഷാ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാര സാധ്യത തെളിയുന്നത്.

Tags:    

Similar News