ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബര്‍ 16 ന് നടക്കും

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയവുമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്

Update: 2019-09-20 03:04 GMT
Advertising

ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബര്‍ 16 ന് നടക്കും. ഒക്ടോബര്‍ ഏഴിന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയവുമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഏകദേശം 10 ലക്ഷം പേര്‍ വോട്ട് ചെയ്യാന്‍ അര്‍ഹരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ മഹിന്ദ ദേശപ്രിയ അറിയിച്ചു. 18 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം. മുഖ്യ പ്രതിപക്ഷമായ പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മുന്‍ പ്രതിരോധ സെക്രട്ടറി ഗോതബ്യ രാജപക്സെ മത്സരിക്കും.

രണ്ടു വട്ടം പ്രസിഡന്‍റായതിനാല്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാലാണ് മഹിന്ദ രജപക്സെ വിട്ടുനിന്ന് സഹോദരനെ മത്സരിപ്പിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. റനില്‍ വിക്രമസിംഗെയും ഡെപ്യൂട്ടി നേതാവ് സജിത് പ്രേമദാസയും കരു ജയസൂര്യയും സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്നുണ്ട്. 2015 ലെ ഭരണഘടന ഭേദഗതിയനുസരിച്ച് പുതിയ പ്രസിഡന്‍റിന്‍റെ അധികാരപരിധി താരതമ്യേന കുറവായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനുമായി കൂടുതല്‍ അധികാരം കൈമാറും.

Tags:    

Similar News