ആല്‍ഫ്രഡ് നൊബേല്‍: പുരസ്കാരമായി മാറിയ ഇതിഹാസത്തിന്റെ കഥ

ലോകത്തെ ഏറ്റവും വലിയ ബഹുമതിയായി കരുതപ്പെടുന്ന നൊബേൽ പുരസ്‌കാരങ്ങൾ ഉണ്ടാകുന്നതിന് കാരണക്കാരനായ ആൽഫ്രെഡ് നൊബേൽ എന്ന വിഖ്യാത ശാസ്ത്രഞ്ജന്റെ 186ാം ജന്മദിനമാണ് ഒക്ടോബര്‍ 21.

Update: 2019-10-21 13:13 GMT
റിനി ആന്‍ ജോര്‍ജ് : റിനി ആന്‍ ജോര്‍ജ്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത് ബാനർജിക്ക് നൽകാനുള്ള പ്രഖ്യാപനം വന്നത് ഈയിടെയാണ്. ലോകത്തെ ഏറ്റവും വലിയ ബഹുമതിയായി കരുതപ്പെടുന്ന നൊബേൽ പുരസ്‌കാരങ്ങൾ ഉണ്ടാകുന്നതിന് കാരണക്കാരനായ ആൽഫ്രെഡ് നൊബേൽ എന്ന വിഖ്യാത ശാസ്ത്രഞ്ജന്റെ 186ാം ജന്മദിനമാണ് ഒക്ടോബര്‍ 21.

ഇമ്മാനുവൽ നൊബേലിന്റെയും കരോലിന ആൻഡ്രി നൊബേലിന്റെയും മൂന്നാമത്തെ മകനായി 1833 ഒക്ടോബർ 21നു സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് അദ്ദേഹത്തിന്റെ ജനനം. ലോകചരിത്രത്തെ തന്നെ നിർണ്ണായകമായി സ്വാധീനിച്ച ഡൈനാമിറ്റിന്റെ കണ്ടുപിടുത്തമാണ് ഒരു കെമിസ്റ്റായി കരിയർ ആരംഭിച്ച നൊബേലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1867ലാണ് അദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയത്. മാരക സ്ഫോടന ശേഷിയുള്ള ഡൈനാമിറ്റ് ആഗോള വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായി. പിന്നീട് ഗെലിഗ്‌നൈറ്റ്, ബലിസ്റ്റയിറ്റ് തുടങ്ങിയ അത്യുഗ്രൻ സ്ഫോടന ശേഷിയുള്ള പല പദാർത്ഥങ്ങളും അദ്ദേഹം കണ്ടെത്തി.

Advertising
Advertising

Full View

വൻ സ്‌ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളുടെ തുടക്കം ഈ കണ്ടുപിടുത്തങ്ങളിലൂടെയായിരുന്നു. 355 കണ്ടുപിടുത്തങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതിനെല്ലാം പേറ്റന്റ് നേടിയ അദ്ദേഹം അതിസമ്പന്നനായി മാറുകയും ചെയ്തു. 1870കളിലും 80കളിലുമായി സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്ന നിരവധി ഫാക്ടറികൾ അദ്ദേഹം യൂറോപ്പിൽ ആരംഭിച്ചു. 1894ൽ സ്വീഡനിലെ ബൊഫോഴ്സിൽ അദ്ദേഹം ആരംഭിച്ച ഉരുക്ക് നിർമ്മാണശാലയാണ് പിന്നീട് പ്രശസ്തമായ ബൊഫോഴ്‌സ് ആയുധ നിർമാണ കമ്പനിയായി മാറിയത്.

തന്റെ കണ്ടുപിടുത്തങ്ങൾ മാനവരാശിയുടെ നന്മക്ക് ഉപയുക്തമാകണം എന്നായിരുന്നു ആൽഫ്രെഡ് നൊബേലിന്റെ അഭിലാഷം. എന്നാൽ ഇതിനു വിപരീതമായി അദ്ദേഹം കണ്ടെത്തിയ സ്‌ഫോടക പദാർത്ഥങ്ങൾ പിന്നീട് വിനാശകരമായ നിരവധി യുദ്ധങ്ങളിൽ ഉപയോഗിച്ചത് അദ്ദേഹത്തെ ഏറെ നിരാശനാക്കിയിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ നടന്ന ഒരു സ്‌ഫോടനത്തിൽ ഇളയ സഹോദരൻ എമിൽ അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

1888ൽ ഒരു ഫ്രഞ്ച് പത്രം തെറ്റായി ആൽഫ്രെഡ് നൊബേലിന്റെ ചരമവാർത്ത പ്രസിദ്ധീകരിച്ചു. മരണത്തിന്റെ വ്യാപാരി വിടവാങ്ങി എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. ഇത് അദ്ദേഹത്തെ വല്ലാതെ ദുഖിതനാക്കി. 1895ൽ നൊബേൽ സമ്മാനങ്ങൾക്ക് തുടക്കമിടാൻ കാരണമായ ചരിത്രപ്രസിദ്ധമായ വിൽപത്രം അദ്ദേഹം തയാറാക്കി. തന്റെ സമ്പത്തിന്റെ 94 ശതമാനം ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ അഞ്ചു മേഖലകളിലെ മികച്ച നേട്ടങ്ങൾക്ക് നൊബേൽ പുരസ്‌കാരങ്ങൾ നൽകുന്നതിനായി വിനിയോഗിക്കണമെന്ന് വിൽപത്രത്തിൽ അദ്ദേഹം എഴുതി വച്ചു. ഇതിനായി നൊബേൽ ഫൗണ്ടേഷനും അദ്ദേഹം രൂപം നൽകി. 1969 മുതൽക്ക് സാമ്പത്തിക ശാസ്ത്രത്തിനും പുരസ്‌കാരം നൽകി വരുന്നു.

1896 ഡിസംബർ പത്തിന് ചരിത്രത്തിന്റെ ഗതിവിഗതികൾ മാറ്റി മറിച്ച ആൽഫ്രഡ്‌ നൊബേൽ എന്ന ശാസ്ത്രജ്ഞൻ ലോകത്തോട് വിട വാങ്ങി. സത്യത്തിന്റെ നഗ്നത മറച്ചു വയ്ക്കാൻ പ്രകൃതി ഒരുക്കുന്ന ആവരണമാണ് പ്രതീക്ഷ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമായ ഒന്നാണ്.

Tags:    

റിനി ആന്‍ ജോര്‍ജ് - റിനി ആന്‍ ജോര്‍ജ്

contributor

Similar News