ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം; 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട നെതന്യാഹു തന്റെ പരാജയം മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമമാണ് ഫലസ്തീനു നേരെയുള്ള ആക്രമണമെന്ന് ഇസ്രയേൽ പാർലെന്റ് നെസറ്റിലെ അറബ് അംഗങ്ങൾ

Update: 2019-11-13 11:22 GMT

ഫലസ്തീൻ പ്രവിശ്യയായ ഗസ്സയ്ക്കു മേൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ കമാൻഡർ ബഹാ അബൂ അൽഅത്തയെയും ഭാര്യയെയും ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെ ഗസ്സയിൽ നിന്ന് ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണമുണ്ടായിരുന്നു. ഇതിനു മറുപടിയായാണ് മുപ്പതിലേറെ മിസൈൽ, ഷെൽ ആക്രമണങ്ങളിൽ 18 പേരെ കൊലപ്പെടുത്തിയത്. ഗസ്സയ്ക്കു പുറമെ സിറിയൻ തലസ്ഥാനമായ ദമസ്‌കസിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് ഗസ്സ നഗരത്തിലെ ഷെജയ്യയിൽ ബഹാ അബൂ അൽഅത്തയുടെ വീടിനു നേരെ ഇസ്രയേൽ ഷെൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബഹായും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഇവരുടെ നാല് മക്കളെയും അയൽവാസിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയത്. ഇവർ തൊടുത്ത റോക്കറ്റുകളിൽ സിംഹഭാഗവും അയൺ ഡോം എന്ന പ്രതിരോധസംവിധാം ഉപയോഗിച്ച് നേരിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.

Advertising
Advertising

റോക്കറ്റാക്രമണത്തിന് മറുപടിയെന്നോണമാണ് ഇസ്രയേൽ ഗസ്സയിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഷെല്ലാക്രമണവും മിസൈൽ ആക്രമണങ്ങളും നടത്തിയത്. റോക്കറ്റ് ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഇസ്രയേൽ പ്രകോപനമുണ്ടാക്കുകയാണെന്നും ഗസ്സയിലെ ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ അതിക്രമം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ഗവൺമെന്റ് വക്താവ് ഇബ്രാഹീം മെൽഹം പറഞ്ഞു. ഫലസ്തീനികളെ കൊലപ്പെടുത്തിയതു കൊണ്ട് ഗസ്സയുടെ പ്രതിരോധത്തെ വിഫലമാക്കാമെന്ന് ഇസ്രയേൽ കരുതേണ്ടെന്ന് ഹമാസ് വക്താവ് ഹാസം ഖസ്സം മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട നെതന്യാഹു തന്റെ പരാജയം മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമമാണ് ഫലസ്തീനു നേരെയുള്ള ആക്രമണമെന്ന് ഇസ്രയേൽ പാർലെന്റ് നെസറ്റിലെ അറബ് അംഗങ്ങൾ പറഞ്ഞു. 'തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ തോറ്റ ഇയാൾ, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാമെന്ന വ്യാമോഹത്തിലാണ് ആക്രമണങ്ങൾ നടത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി അധിനിവേശം വർധിപ്പിക്കാനും സമാധാന പ്രക്രിയ അട്ടിമറിക്കാനുമാണ് ഇയാൾ ശ്രമിക്കുന്നത്.' - നെസറ്റ് അംഗം അയ്മൻ ഒദേ ആരോപിച്ചു.

ഇസ്രയേലും ഗസ്സയും പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സിവിലിയന്മാരുടെ ജീവന് വിലകൽപ്പിക്കണമെന്നും എത്രയും വേഗം യുദ്ധാന്തരീക്ഷം ഒഴിവാക്കണമെന്നും യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇടപെടുന്നതായി ഈജിപ്ത് അറിയിച്ചു. ഈജിപ്തിന്റെയും യു.എന്നിന്റെയും സമാധാനശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായി ജർമനി വ്യക്തമാക്കി.

Similar News