ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ വീണ്ടും റോക്കറ്റാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

വടക്കൻ ബഗ്ദാദിലെ താജി യു.എസ് സൈനിക ക്യാമ്പിലാണ് റോക്കറ്റുകൾ പതിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം

Update: 2020-01-15 01:56 GMT
Advertising

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും റോക്കറ്റാക്രമണം. രണ്ട് ഇറാഖി സൈനികർക്ക് പരിക്കേറ്റു. വടക്കൻ ബഗ്ദാദിലെ താജി യു.എസ് സൈനിക ക്യാമ്പിലാണ് ഇന്നലെ രാത്രി റോക്കറ്റുകൾ പതിച്ചത്. അതിനിടെ, യു.എസ് സൈന്യം ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ വിവിധ കൂട്ടായ്മകൾ തീരുമാനിച്ചു.

വടക്കൻ ബഗ്ദാദിലെ താജി യു.എസ് സൈനിക ക്യാമ്പിലാണ് റോക്കറ്റുകൾ പതിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് ഇറാഖി സൈനികർക്ക് പരിക്കേറ്റതായി പൊലിസ് അറിയിച്ചു. യു.എസ് സൈനികർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

യു.എസ് സൈന്യം മേഖല വിടും വരെ ആക്രമണം തുടരുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് സൈനികർക്ക് വല്ലതും സംഭവിച്ചാൽ തങ്ങളുടെതായ നിലക്ക് അതവസാനിപ്പിക്കാൻ അറിയുമെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ ഇറാന് നൽകിയ താക്കീത്.

അമേരിക്ക ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് സമാധാനപരമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ മുക്തദ അൽ സദ്ർ ആഹ്വാനം ചെയ്തു. വിവിധ ശിയാ അനുകൂല രാഷ്ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചതോടെ ഇറാഖിൽ അമേരിക്ക കൂടുതൽ വെട്ടിലായി.

അതിനിടെ, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ റോബ് മെകയറെ പുറന്തള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ ഇന്നലെ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ഉക്രെയിൻ വിമാനാപകടത്തിന് കാരണക്കാരായ സൈനികരെ അറസ്റ്റ് ചെയ്ത ഇറാൻ പ്രത്യേക കോടതിയിൽ ഇവരുടെ വിചാരണ നടത്താനും തീരുമാനിച്ചു. വിമാനം തകർക്കാൻ കാരണമായത് റഷ്യൻ നിർമിത മിസൈൽ ആണെന്നിരിക്കെ, ആ രാജ്യത്തിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് അമേരിക്കയിലെ യുക്രയിൻ അംബാസഡർ വ്ലാദിമിർ യെൽസെങ്കോ കുറ്റപ്പെടുത്തി.

Tags:    

Similar News