‘ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം’ - മോദിയോട് മുസ്‍ലിം രാഷ്ട്ര നേതാക്കള്‍

കോവിഡ് വ്യാപനത്തിന്‍റെ പിന്നില്‍ മുസ്‍ലിംകളാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇസ്ലാമോഫോബിയുടെ ഭാഗമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുകയാണെന്നും ഒ.ഐ.സി ആരോപിച്ചു.

Update: 2020-04-20 08:49 GMT
Advertising

കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി). ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗരാഷ്ട്രങ്ങളുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.ഒ.സി. 53 മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളടക്കം 57 അംഗങ്ങളാണ് ഐ.ഒ.സിക്കുള്ളത്. ഐക്യരാഷ്ട്രസഭയിലും യൂറോപ്യന്‍ യൂണിയനിലും സംഘടനക്ക് സ്ഥിരം പ്രതിനിധികളുണ്ട്. അന്താരാഷ്ട്ര സമാധാനവും സൌഹൃദവും നിലനിര്ത്തി ലോകത്തെ മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ പിന്നില്‍ മുസ്‍ലിംകളാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇസ്ലാമോഫോബിയുടെ ഭാഗമാണെന്നും ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുകയാണെന്നും സംഘടന ആരോപിച്ചു. മുസ്‍ലിംകള്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ വ്യാപനം തടയാനും ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി സർക്കാരിനോട് അന്താരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്‍റെ കാരണം ആരോപിച്ച് രാജ്യത്തുടനീളം മുസ്‌ലിംകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

ദരിദ്രർക്ക് ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാരായ മുസ്‍ലിം യുവാക്കളെ ക്രിക്കറ്റ് ബാറ്റുകൾ ഉപയോഗിച്ച് ആക്രമിക്കുന്നു, തല്ലിയോടിക്കുന്നു. മറ്റുള്ള മുസ്‍ലിംകളെ കോവിഡ് പരത്തുന്നുവെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമത്തിനിരയാക്കുന്നു, നാട് കടത്തുന്നു, വ്യാപക അക്രമങ്ങള്‍ അഴിച്ച് വിടുന്നു. 'കൊറോണ ജിഹാദ്' എന്ന ആരോപണത്തിലൂടെ ഹിന്ദുത്വവാദികള്‍ രാജ്യത്തെ മുഴുവൻ മുസ്‌ലിം ജനങ്ങളെയും വേട്ടയാടുന്നതായും ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചു.

മോദി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ കോവിഡിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയും നേരത്തെ രംഗത്തെത്തിയിരുന്നു. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

Tags:    

Similar News