'ഫലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്റൈന്‍ ഒറ്റിക്കൊടുത്തു'; ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

അറബ് സമാധാന ഉടമ്പടിയുടെ അപകടകരമായ ലംഘനമാണ് ബഹ്റൈന്‍ നടത്തിയതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി

Update: 2020-09-12 04:01 GMT
Advertising

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈനിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍. ബഹ്റൈനിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ഫലസ്തീന്‍ ജനതയെയും ജറുസലേമിനെയും ബഹ്റൈന്‍ ഒറ്റിക്കൊടുത്തതായി പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.

അറബ് സമാധാന ഉടമ്പടിയുടെ അപകടകരമായ ലംഘനമാണ് ബഹ്റൈന്‍ നടത്തിയതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് മേലുള്ള ഭീഷണിയാണിതെന്നും റിയാദ് അല്‍ മാലികി പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ ഉടമ്പടിയെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.

ഇസ്രായേല്‍-യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റൈനും കൂടി ഇസ്രായേലുമായി സൗഹൃദത്തിലാവുന്നത്. യു.എസില്‍ നിന്നുള്ള നിരന്തര ശ്രമഫലമായാണ് ബഹ്റൈനും ഇസ്രായേലും കൈകോര്‍ക്കുന്നത്. യു.എ.ഇ-ഇസ്രായേല്‍ സമാധാന പദ്ധതിയെ അഭിനന്ദിച്ചു കൊണ്ട് ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്റൈന്‍.

സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പ​ങ്കെടുക്കാനുള്ള ട്രംപിൻ്റെ ക്ഷണം ബഹ്​റൈൻ സ്വീകരിച്ചിട്ടുണ്ട്. നെതന്യാഹുവും ബഹ്​റൈൻ വിദേശകാര്യ മന്ത്രി അബ്​ദുൽ ലത്തീഫ്​ അൽ സയാനിയും അവിടെ വെച്ച് സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെക്കും.

Tags:    

Similar News