ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ജർമനിയിൽ പ്രസംഗിക്കാൻ അനുവദിക്കരുത്: യൂറോപ്പിലെ ഇന്ത്യൻ സംഘടനകൾ
ബി.ജെ.പി എം.പി പങ്കെടുക്കുകയാണെങ്കിൽ ജർമൻ മണ്ണിൽ വിഭജനത്തിന്റെ വിത്ത് വിതക്കുകയല്ലാതെ സ്റ്റാർട്ടപ്പ് കോൺഫറൻസ് കൊണ്ട് മറ്റ് നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
ഹാംബുർഗിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കോൺഫറൻസിൽ പ്രസംഗിക്കാൻ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യൂറോപ്പിലെ വിവിധയിലെ ഇന്ത്യൻ സംഘടനകൾ. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയും ഗ്ലോമാൻ കൺസൾട്ടിങ് എന്ന സ്ഥാപനവും സംയുക്തമായി ഒക്ടോബർ ഏഴിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പ്രസംഗിക്കാൻ സൂര്യയെ ക്ഷണിച്ചതിനെതിരെ ജർമനിയടക്കം വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘനടകൾ സംഘാടകർക്ക് കത്തെഴുതി.
ഇന്ത്യ സോളിഡാരിറ്റി ജർമനി, സോളിഡാരിറ്റി ബെൽജിയം, ഇന്ത്യൻസ് എഗെയ്ൻസ്റ്റ് സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ബെൽജിയം, ഇന്ത്യൻ അലയൻസ് പാരിസ്, ഗ്ലോബൽ സിഖ് കൗൺസിൽ, ഇന്റർനാഷണൽ ദലിത് സോളിഡാരിറ്റി നെറ്റ്‌വർക്ക് കോപ്പനേഗൻ, ദി ഹ്യൂമിനിസം പ്രൊജക്ട്, ഫൗണ്ടേഷൻ ദി ലണ്ടൻ സ്റ്റോറി, ഭാരത് ഡെമോക്രസി വാച്ച്, ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് ഹാംബർഗിലെ ഇന്ത്യൻ കോൺസുലിന് കത്തയച്ചത്. നിരവധി മനുഷ്യാവകാശ സംഘടനകൾക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
'പരിപാടിയിൽ തേജസ്വി സൂര്യയടക്കമുള്ളവർ പ്രസംഗിക്കുന്നു എന്നത് നിരാശാജനമാണ്. അത്യന്തം പ്രകോപനമുണ്ടാക്കുന്ന വർഗീയ രാഷ്ട്രീയക്കാരനാണ് സൂര്യ. ഇന്ത്യയിലെ വിഭജന രാഷ്ട്രീയത്തിന്റെ പ്രതിനിധി. എല്ലാ വിഭാഗം ഇന്ത്യക്കാരും പങ്കെടുക്കാനാഗ്രഹിക്കുന്ന ചടങ്ങിൽ ബാംഗ്ലൂരിൽ നിന്നുള്ള ഈ ബി.ജെ.പി എം.പിയെ പങ്കെടുപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.' - പ്രതിഷേധക്കാർ കോൺസുൽ ജനറലിന് അയച്ച കത്തിൽ പറയുന്നു. തേജസ്വി സൂര്യ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വർഗീയ പരാമർശങ്ങളും കത്തിൽ ചൂണ്ടിക്കാട്ടി.
ये à¤à¥€ पà¥�ें- അറബ് സ്ത്രീകള്‍ക്കെതിരെ വംശീയത നിറഞ്ഞ ലൈംഗികാധിക്ഷേപം; ബി.ജെ.പി എം.പിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസമില്ലാത്ത പഞ്ചർവാലകളെന്ന് സൂര്യ വിശേഷിപ്പിച്ചിരുന്നുവെന്നും ഇത്തരമൊരു വ്യക്തിക്ക് ഔദ്യോഗിക വേദി നൽകുന്നത് അപകടകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സൂര്യയുടെ വർഗീയ നിലപാടുകൾ പരസ്യമാണെന്നും, ബി.ജെ.പി എം.പി പങ്കെടുക്കുകയാണെങ്കിൽ ജർമൻ മണ്ണിൽ വിഭജനത്തിന്റെ വിത്ത് വിതക്കുകയല്ലാതെ സ്റ്റാർട്ടപ്പ് കോൺഫറൻസ് കൊണ്ട് മറ്റ് നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
തേജസ്വി പ്രസംഗിക്കാനെത്തുന്നതിനെതിരെ ജർമനിയിലെ വ്യത്യസ്ത സംഘടനകളുടെ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് ഓൺലൈൻ കാംപെയ്‌നും പ്രതിഷേധക്കാർ ആരംഭിച്ചിട്ടുണ്ട്.