ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്

ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ഷഗ്ഗി ബെയിൻ എന്ന നോവലിനാണ് പുരസ്കാരം

Update: 2020-11-20 03:05 GMT
Advertising

ഈ വർഷത്തെ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഷഗ്ഗി ബെയിൻ എന്ന ആദ്യ നോവലാണ് സ്റ്റുവർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായിരുന്നു പുരസ്കാര പ്രഖ്യാപനം.

സ്കോട്ട്‍ലാൻഡിലെ തുറമുഖ നഗരമായ ഗ്ലാസ്ഗോയിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഷഗ്ഗി ബെയ്ൻ എന്ന ആദ്യ നോവലാണ് 44 കാരനായ ഡഗ്ലസ് സ്റ്റുവർട്ടിനെ ബുക്കർ പ്രൈസിന് അർഹനാക്കിയത്. ദുരിതങ്ങൾക്കിടയിലും ജീവിതം കെട്ടിപ്പെടുക്കാനുള്ള ഒരു സാധാരണ കുടുംബത്തിന്‍റെ കഠിന പരിശ്രമങ്ങളെയും അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തെയും കുറിച്ചുള്ളതാണ് നോവൽ .

ക്ലാസിക് ആയി വിലയിരുത്താവുന്ന രചനയാണ് ഷഗ്ഗി ബെയ്ൻ എന്നും വൈകാരികതയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് നോവലെന്നും ജൂറി വിലയിരുത്തി. അവാർഡ് നേട്ടം സ്വപ്ന സാക്ഷാത്കാരമാണെന്നും തന്‍റെ ബാല്യം തന്നെയാണ് നോവലിന് ആധാരമെന്നും ഡഗ്ലസ് പ്രതികരിച്ചു. ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി അവ്നി ദോഷിയുടെ BURNT SUGAR ഉൾപ്പെടെ ആറ് രചനകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത് ഇവയെ പിന്തള്ളിയാണ് ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ നേട്ടം .

സാഹിത്യ നിരൂപക മാർഗരറ്റ് ബസ്ബി അധ്യക്ഷയായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമ, ബുക്കർ പ്രൈസ് ജേതാക്കളായ കസുവോ ഇഷിഗുരോ, മാർഗരറ്റ് ആറ്റ്വുഡ് തുടങ്ങിയവരും ഓൺലൈൻ പുരസ്കാര ചടങ്ങിന്‍റെ ഭാഗമായി.

Tags:    

Similar News