ഭീമന്‍ ചരക്കുകപ്പല്‍ നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനരാരംഭിച്ചു 

കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാർ അഡ്മിറൽ ഒസാമ റബി അറിയിച്ചു. 

Update: 2021-03-29 16:26 GMT

സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർ ഗിവണ്‍' നീക്കി. ദിവസങ്ങള്‍ നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. കനാൽ വഴിയുള്ള ജലഗതാഗതം ഇതോടെ പുനരാരംഭിച്ചു.

കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാർ അഡ്മിറൽ ഒസാമ റബി അറിയിച്ചു. മുൻഭാഗം ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തന സജ്ജമാവുകയും ചെയ്​തതോടെയാണ്​ കപ്പലിനെ നീക്കാൻ സാധിച്ചത്​. മണൽതിട്ടയിൽ ഇടിച്ച കപ്പലിന്‍റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങുകയും ചെയ്തിരുന്നു.

കൂടുതൽ ടഗ്​ ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തും ​ഡ്രെഡ്​ജിങ്​ നടത്തി കപ്പൽ മോചിപ്പിച്ചും കണ്ടയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കിയത്​. 24 മണിക്കൂറിൽ 12 മണിക്കൂർ ​ഡ്രെഡ്​ജിങ്ങിനായും 12 മണിക്കൂർ ടഗ്​ ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കുമായാണ്​ മാറ്റിവെച്ചത്​. നെതർലന്‍ഡ്സ്​ ആസ്ഥാനമായുള്ള ബോസ്​കാലിസാണ്​ മണ്ണും മണലും നീക്കം ചെയ്തത്.

Advertising
Advertising

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് മധ്യേ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ എവർ ഗിവണ്‍ എ​ന്ന ജ​പ്പാ​ൻ​ ച​ര​ക്കു​ക​പ്പ​ൽ ചെളിയില്‍ പു​ത​ഞ്ഞ​ത്. ഇതേത്തുടര്‍ന്ന് ഏഷ്യയിൽ നിന്ന്​ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമാണ്​ അടഞ്ഞു കിടന്നത്​​.

ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപന്നങ്ങൾ, വസ്​ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്​സുകൾ അടക്കമുള്ളവ കയറ്റിയ 369 കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്​.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News