രക്തം കട്ടപിടിക്കല്‍ അപൂര്‍വ്വം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് പ്രയോജനം കൂടുതലെന്ന് ഇ.എം.എ 

അസാധാരണമായി രക്തംകട്ടപിടിക്കുന്ന കേസുകള്‍ അവലോകനം ചെയ്ത ശേഷമാണ് ഇ.എം.എയുടെ വിശദീകരണം.

Update: 2021-04-25 04:06 GMT

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കല്‍ വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന പാര്‍ശ്വഫലമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി(ഇ.എം.എ). അപകടസാധ്യതയേക്കാള്‍ വാക്സിന്‍റെ പ്രയോജനമാണ് കൂടുതലെന്നും ഇ.എം.എ വ്യക്തമാക്കി. 

വാക്സിന്‍ ലഭിച്ച ആളുകള്‍ക്കിടയിലെ ഒറ്റപ്പെട്ട രക്തംകട്ടപിടിക്കല്‍ കേസുകള്‍ അവലോകനം ചെയ്ത ശേഷമാണ് ഇ.എം.എയുടെ വിശദീകരണം. അസാധാരണമായി രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ഉത്പ്പന്ന വിവരങ്ങളില്‍ ചേര്‍ക്കണമെന്ന് സുരക്ഷാ സമിതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണോട് നിര്‍ദേശിച്ചിട്ടുണ്ട്. 

Advertising
Advertising

യൂറോപ്പിലെ മുതിര്‍ന്നവരായ 70 ശതമാനം പേര്‍ക്കും ഈ വേനല്‍ക്കാലത്ത് കുത്തിവെയ്പ്പ് നല്‍കാന്‍ ആവശ്യമായ ഡോസുകള്‍ ലഭ്യമാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും ഇ.എം.എ വ്യക്തമാക്കി. മറ്റു വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റേത് ഒറ്റ ഡോസ് വാക്സിനാണ്.  

കഴിഞ്ഞയാഴ്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ വിതരണം യു.എസില്‍ നിര്‍ത്തിവെച്ചിരുന്നു. വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതോടെയായിരുന്നു നടപടി. ഇതിനു പിന്നാലെ യൂറോപ്പിലും വാക്സിന്‍റെ വിതരണം തടസ്സപ്പെട്ടിരുന്നു.‍ വരുന്ന വെള്ളിയാഴ്ച യു.എസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചേക്കും. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News