ഈ ഡ്രാക്കുള രക്തമൂറ്റിക്കുടിക്കില്ല.. കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കും

ഇപ്പോള്‍ ഡ്രാക്കുളക്കോട്ടയില്‍ പോയാല്‍ രണ്ടുണ്ട് കാര്യം..

Update: 2021-05-10 03:44 GMT

കോവിഡ് വാക്സിന്‍ കിട്ടാനില്ലാതെ നമ്മളിവിടെ തിക്കിത്തിരക്കുമ്പോള്‍ അങ്ങ് ഡ്രാക്കുള കോട്ടയില്‍ സന്ദര്‍ശകര്‍ക്കെല്ലാം കോവിഡ് വാക്സിന്‍ സൗജന്യമാണ്. അതായത് ഈ ഡ്രാക്കുള നല്ലവനാണ്. നമ്മുടെ രക്തമൊന്നും ഊറ്റിക്കുടിക്കില്ല. പകരം സന്ദര്‍ശകര്‍ക്ക് വാക്സിന്‍ നല്‍കി കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കും. റൊമേനിയയിലെ ട്രാന്‍സില്‍വാനിയയിലാണ് ഈ ഡ്രാക്കുള കോട്ട.


1890കളില്‍ ബ്രോം സ്റ്റോക്കറിന്‍റെ തൂലികയില്‍ പിറന്ന ഡ്രാക്കുള.. പക്ഷേ കഥയിലെ കോട്ട സാങ്കല്‍പികമല്ല. ശരിക്കുമുള്ളതാണ്. ട്രാന്‍സില്‍വാനിയ പ്രദേശത്തെ പ്രേതകഥകള്‍ നന്നായി പഠിച്ച ശേഷമാണ് ബ്രോം സ്റ്റോക്കര്‍ ഡ്രാക്കുളയെ സൃഷ്ടിച്ചത്. ഡ്രാക്കുള ലോകപ്രശസ്തമായതോടെ ട്രാന്‍സില്‍വാനിയയിലെ കോട്ടയും ലോകപ്രശസ്തമായി. ഈ കോട്ട മധ്യകാലഘട്ടത്തിലെ യൂറോപ്പിനെയും കാട്ടിത്തരുന്നു. ആളുകളെ ശിക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന 52 ഉപകരണങ്ങള്‍ പ്രവേശന ഫീസില്ലാതെ സൗജന്യമായി കാണാം. 500-600 വർഷങ്ങൾക്ക് മുമ്പുള്ള യൂറോപ്പാണ് ഇവിടെ കാണാന്‍ കഴിയുകയെന്ന് കോട്ടയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അലക്സാണ്‍ഡ്രു പ്രിസ്കു പറഞ്ഞു.

Advertising
Advertising

സൌജന്യ കോവിഡ് വാക്സിന്‍ റൊമേനിയയിലെ കാർപാത്തിയൻ മലനിരകളിലേക്ക് കൂടുതൽ സന്ദര്‍ശകരെ എത്തിക്കുമെന്ന് കോട്ടയുടെ അധികൃതര്‍ പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ഡ്രാക്കുള കോട്ടയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് കുറഞ്ഞിരുന്നു. ഫൈസര്‍ വാക്സിനാണ് ഇവിടെ എത്തുന്നവര്‍ക്ക് നല്‍കുക. ഈ മാസം എല്ലാ വാരാന്ത്യത്തിലും ഇവിടെ വരാം, കോട്ടയും കാണാം വാക്സിനും സ്വീകരിക്കാം. "ഞാൻ ഇതിനകം കോട്ടയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നു, ഇപ്പോള്‍ വന്നതുകൊണ്ട് രണ്ടുണ്ട് കാര്യം" എന്നാണ് സൌജന്യ വാക്സിനെ കുറിച്ച് ഫെര്‍ണാഡോ ഒറോസ്കോ എന്ന 37കാരന്‍ പറഞ്ഞത്.

റൊമേനിയയില്‍ സെപ്തംബറോടെ 10 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ കിഴക്കന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കുറച്ച് വാക്സിനേഷന്‍ നടന്നതും റൊമേനിയയിലാണ്. തിങ്ക് ടാങ്ക് ഗ്ലോബ്സെക് ഏപ്രിലില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News