കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിന്ന്​ ചോർന്നതാകാം; യു.എസ് പഠന റിപ്പോർട്ട്​ പുറത്ത്​

കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറിയാണ്​ കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന്​ പിന്നിൽ

Update: 2021-06-08 09:50 GMT

കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിന്നും ചോർന്നതാകാമെന്ന യു.എസ് പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ​ജേണൽ. യു.എസ്​ ഗവൺമെന്റിന്​ കീഴിലുള്ള നാഷണൽ ലബോറിട്ടറിയാണ്​ പഠനം നടത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ പരിശോധന വേണമെന്നും പഠനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി എന്നും റിപ്പോർട്ടുകളുണ്ട്.

കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറിയാണ്​ കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന്​ പിന്നിൽ​. ​മുൻ യു.എസ്​ പ്രസിഡന്റ്​ ഡോണൾഡ്​ ട്രംപ്​ അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ്​ ലബോറട്ടറി പഠന റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ പറയുന്നു.

Advertising
Advertising

ചൈന കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.

കൊറോണ വൈറസിന്റെ ഉദ്​ഭവത്തെ കുറിച്ച്​ രണ്ട്​ സാധ്യതകളാണ്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട്​ വെക്കുന്നത്​. വൈറസ്​ വുഹാനിലെ ലാബിൽ നിന്ന്​ ചോർന്നതാകാമെന്ന്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്​. അല്ലെങ്കിൽ മൃഗങ്ങളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ പകർന്നതാകാം. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News