'ബോസ് തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!' ഒരോവറിലെ അഞ്ച് പന്തും അതിര്‍ത്തി കടത്തി ഗെയ്ൽ

ഇടിമിന്നലായി ക്രിസ് ഗെയില്‍, ജേമിസണിന്‍റെ ഓവറില്‍ അടിച്ചുകൂട്ടിയത് അഞ്ച് ബൌണ്ടറി

Update: 2021-04-30 15:03 GMT
Advertising

പ്രതാപ കാലത്തിന്‍റെ നിഴല്‍ മാത്രമാണെന്ന വിമര്‍ശനങ്ങളെ ബൌണ്ടറി കടത്തി ക്രിസ് ഗെയ്‌ലിന്‍റെ സംഹാര താണ്ഡവം. ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് വിന്‍ഡീസ് വെറ്ററന്‍ താരം വീണ്ടും പഴയ കാലത്തെ വെടിക്കെട്ട് പ്രകടനത്തെ ഓര്‍മിപ്പക്കും വിധം ബാറ്റ് വീശിയത്. പഞ്ചാബ് ഇന്നിങ്സില്‍ വണ്‍ഡൌണായെത്തിയ ഗെയില്‍ കെയില്‍ ജേമിസണിന്‍റെ ഓവറിലാണ് വിശ്വരൂപം പുറത്തെടുത്തത്.  ബാംഗ്ലൂരിന്‍റെ ആറാം ഓവര്‍ എറിയാനെത്തിയ ജേമിസണിനെ തലങ്ങും വിലങ്ങും അടിച്ച് 'ബോസ്' ബാറ്റിങ് ട്രാക്കിലെത്തുകയായിരുന്നു. ജേമിസണിന്‍റെ ആ ഓവറില്‍ അഞ്ച് തവണയാണ് പന്ത് ബൌണ്ടറി കടന്നത്. 

ഈ സീസണിലെ ഏഴാം മത്സരം കളിക്കുന്ന ഗെയില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് 40 കടന്നത്. ഇതിനോടകം തന്നെ ഗെയില്‍ ഫോം ഔട്ടാണെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനെയെല്ലാം ഗാലറിക്ക് വെളിയില്‍ അടിച്ചു പറത്തുന്ന പ്രകടനമാണ് ഗെയില്‍ ഇന്ന് കാഴ്ചവെച്ചത്. എന്നാല്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡാനിയല്‍ സാംസിന്‍റെ പന്തില്‍ എബി ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്കരികെയാണ് ഗെയില്‍ വീണത്. 24 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ 46 റണ്‍സാണ് ഗെയിലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News