പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ പിടിയിൽ

വാഹനം കുറുകെ നിർത്തി മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു

Update: 2025-12-08 15:48 GMT

പാലക്കാട്: പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ പിടിയിലായി. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവിൽ പോകാൻ സഹായിച്ചത് അഭിജിത്തെന്ന് പൊലീസ്.

തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വ്യവസായി വി.പി മുഹമ്മദാലിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമർദനം. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് കരുതുന്നത്. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം.

. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്പി മുതൽ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. മലപ്പുറം പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം സഞ്ചരിച്ച വാഹനം കുറുകെ നിർത്തി, മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുന്നത്.

Advertising
Advertising

തോക്കുചൂണ്ടിയാണ് അക്രമി സംഘം മുഹമ്മദാലിയെ കാറിലേക്ക് കയറ്റുന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്തേക്കാണ് ആദ്യം പോയത്. പിന്നീട് തിരികെ വന്ന്, മറ്റൊരു വാഹനത്തിലേക്ക് മുഹമ്മലിയെ മാറ്റുന്നു. ഇതിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കാറിൽ വെച്ച് ക്രൂരമായി മുഹമ്മദാലിയെ മർദിച്ചു. തുടർന്നാണ് കോതകുറിശ്ശിയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അവിടെവെച്ചും മർദിക്കുകയും ചുണ്ടിൽ കത്തികൊണ്ട് വരയുകയും ചെയ്തു.

ഇതിനിടെ വാഹനത്തിൽ വെച്ച് കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിക്കുകയും ചെയ്തു. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്നും മകന് അയച്ച സന്ദേശത്തിലുണ്ട്. ക്വട്ടേഷൻ ടീം മദ്യപിച്ച് ബോധ രഹിതരായതോടെ പുലര്‍ച്ചയോടെയാണ് മുഹമ്മദാലി തടവില്‍ നിന്നും ഓടി രക്ഷപ്പെടുന്നത്. തുടര്‍ന്ന് സമീപത്തെ പള്ളിയിൽ കയറി. അവിടെ എത്തിയ ആളുകളാണ് ആശുപത്രിയിൽ എത്തിച്ചതും സംഭവം പൊലീസിനെ അറിയിക്കുന്നതും.മുഹമ്മദാലി പ്രധാന ഷെയര്‍ ഹോള്‍ഡറായ നീലഗിരിയിലെ കോളേജുമായി ബന്ധപ്പെട്ടൊരു കേസ് സുപ്രിംകോടതിയിൽ നിലവില്‍ നടക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാവാം ആക്രമണമെന്നാണ് വിവരം. ചിലരെ സംശയമുണ്ടെന്നാണ് മുഹമ്മദാലിയുടെ കുടുംബം പറയുന്നത്. പൊലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News