വേണ്ടത് 17%, ലഭിച്ചത് 5% മാത്രം: സ്റ്റൈപ്പൻഡ് വർധനവ് അംഗീകരിക്കാനാവില്ലെന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ

2020ലെ സർക്കാർ ഉത്തരവ് അട്ടിമറിച്ചതായും അസോസിയേഷൻ

Update: 2024-07-04 16:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരുടെയും സ്റ്റൈപ്പൻഡ് വർദ്ധനവ് അംഗീകരിക്കാൻ ആകില്ലെന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ. സ്റ്റൈപ്പൻഡ് 17% വർദ്ധനവാണ് ഉണ്ടാകേണ്ടിയിരുന്നതെന്നും ഇപ്പോൾ 5% മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നതെന്നുമാണ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ നൽകുന്ന വിശദീകരണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ദന്തല്‍ കോളേജുകളിലെയും ഹൗസ് സര്‍ജന്‍മാരുടെയും റെസിഡന്റ് ഡോക്ടര്‍മാരുടെയും സ്റ്റൈപന്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. ഇത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Advertising
Advertising

എന്നാൽ 2020 മുതൽ ഓരോ വർഷവും നാല് ശതമാനം സ്റ്റൈപ്പൻഡ് വർധനവ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നതാണെന്നും അത് പാലിക്കപ്പെട്ടില്ലെന്നും പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ ആരോപണമുന്നയിച്ചു. ഇതു വഴി 2020ലെ സർക്കാർ ഉത്തരവ് അട്ടിമറിച്ചതായും അവർ പറഞ്ഞു.

മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വര്‍ഷ മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 57,876 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 58,968 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് 60,060 രൂപയുമാക്കി സ്റ്റൈപന്റ് വര്‍ധിപ്പിച്ചു.

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി പി.ജി ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 68,796 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 70,980 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,164 രൂപയുമാക്കി.

മെഡിക്കല്‍ ബോണ്ടഡ് പോസ്റ്റിങ്ങിലെ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 76,440 രൂപയും ദന്തല്‍ ബോണ്ടഡ് പോസ്റ്റിങ്ങിലെ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിങ് സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News