തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി ആർജെഡി
സിപിഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ട്, എൽഡിഎഫിൽ ഉന്നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി എൽഡിഎഫ് ഘടകകക്ഷി ആർജെഡി. തെരഞ്ഞെടുപ്പിൽ സിപിഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എൽ ഡി എഫിൽ ഉന്നയിക്കുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. സ്വർണപ്പാളി വിഷയങ്ങൾ തിരിച്ചടിയായെന്നും അതിൽ സിപിഎം നടപടി എടുക്കണമായിരുന്നു എന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എൽഡിഎഫിലെ കൂടുതൽ അതൃപ്തികൾ പുറത്തു വരികയാണ്.കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ സിപിഎം കാലുവാരിയെന്ന് പരാതി ഉന്നയിക്കുകയാണ് ആർജെഡി. സ്വർണ്ണപ്പാളി വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന സിപിഎം നിലപാടും ആർജെഡി തള്ളുന്നുണ്ട്.
സ്വർണ്ണപ്പാളി കേസിൽ ജയിലിലായ സി പിഎം നേതാവ് പത്മകുമാറിനെതിരെ നടപടിയെടുക്കാത്ത പ്രശ്‌നവും എം.വി.ശ്രേയാംസ്‌കുമാർ പരസ്യമായി ഉന്നയിക്കുന്നുണ്ട്. അതൃപ്തി പറയുന്നു എന്നതിനർഥംം മുന്നണി മാറുന്നു എന്നല്ല എന്ന് പറയുമ്പോഴും പാർട്ടിക്കകത്ത് അത്തരം ചർച്ചകൾ ഉയരുന്നതായാണ് സൂചന. വരും ദിവസങ്ങളിൽ മുന്നണി മാറ്റ ചർച്ചകളിൽ വികാസമുണ്ടാകുമെന്നാണ് വിവരം.