കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടികയ്ക്ക് അന്തിമരൂപമായി
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്കാണ് ഇന്ന് അന്തിമ രൂപം നല്‍കിയത്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്ക് അന്തിമ രൂപമായി. 10 മണ്ഡലങ്ങളില്‍ ഒരു പേരുമാത്രമുള്ള ലിസ്റ്റില്‍ എല്ലാ സിറ്റിങ് എംഎല്‍എ മാരുടെയും പേരുകളുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍പ്രകാശ്, കെ സി ജോസഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ ഒന്നലധികം പേരുകളുണ്ട്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പേര് ലിസ്റ്റിലില്ല. അവസാനഘട്ട ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ 28 ന് ഡല്‍ഹിയിലേക്ക് പോകും.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്കാണ് ഇന്ന് അന്തിമ രൂപം നല്‍കിയത്. മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച ആര്യാടന്‍ മുഹമ്മദ്, ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംഎല്‍എമാരുടെ പേരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ മാത്രം പേരുള്ള 10 സീറ്റുകളാണുള്ളത്. പുതുപ്പള്ളി, ഹരിപ്പാട്, അരുവിക്കര, ആലുവ, കുന്നത്തുനാട്, തൃത്താല, ചിറ്റൂര്‍, വണ്ടൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവയാണ് ഒറ്റ പേരുള്ള സീറ്റുകള്‍.
മന്ത്രിമാരില്‍ എ പി അനില്‍കുമാറിന്റെയും പി കെ ജയലക്ഷ്മിയുടെയും സീറ്റുകളില്‍ മാത്രമാണ് എതിരാളില്ലാത്തത്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരിനൊപ്പം ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരുമുണ്ട്. അടൂര്‍പ്രകാശ് മത്സരിക്കുന്ന കോന്നിയില്‍ പി മോഹന്‍രാജിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ സി ജോസഫിന്റെ മണ്ഡലത്തില്‍ യുവനേതാക്കളായ സജീവ് ജോസഫിന്റെയും സതീശന്‍ പാച്ചേനിയുടെയും പേരുണ്ട്. വണ്ടൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെയും ആര്യാടന്‍ ഷൌക്കത്തിന്റെയും വി വി പ്രകാശിന്റെയും പേരുണ്ട്.
രാവിലെ മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ യോഗം ചേര്‍ന്ന് തയാറാക്കിയ ചുരുക്ക പട്ടികകക്ക് വൈകിട്ട് ചേര്‍ന്ന കെ പി സി സി തെരഞ്ഞെടുപ്പ് കമ്മറ്റി അംഗീകാരം നല്‍കി. 28ന് ഉച്ചക്ക് ലിസ്റ്റുമായി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. കേന്ദ്ര സ്ക്രീനിങ് കമ്മറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി എന്നിവയില്‍ ചര്‍ച്ചകളിലൂടെ 31 ഓടെ അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.