നാല് മന്ത്രിമാരും സ്പീക്കറും കടപുഴകി
മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, പി കെ ജയലക്ഷ്മി, കെ പി മോഹനന്‍ എന്നിവര്‍ക്ക് പുറമെ സ്പീക്കര്‍ എന്‍ ശക്തനും പ്രമുഖരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ യുഡിഎഫിലെ നാല് മന്ത്രിമാര്‍ അടക്കം പ്രമുഖര്‍ കടപുഴകി. മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, പി കെ ജയലക്ഷ്മി, കെ പി മോഹനന്‍ എന്നിവര്‍ക്ക് പുറമെ സ്പീക്കര്‍ എന്‍ ശക്തനും പ്രമുഖരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മുന്‍ മന്ത്രിസഭയില്‍ ഏറെ ആരോപണങ്ങള്‍ നേരിട്ട എക്സൈസ് മന്ത്രി കെ ബാബു സിപിഎമ്മിലെ എം സ്വരാജിനോടാണ് ദയനീയ പരാജയം നേരിട്ടത്. കൂത്തുപറമ്പില്‍ കെ പി മോഹനനും ചവറയില്‍ ഷിബു ബേബിജോണും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും തോല്‍വി നേരിട്ടു. തിരുവനന്തപുരത്ത് സ്പീക്കര്‍ എന്‍ ശക്തനും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും തോറ്റു.
കൊല്ലത്ത് ആര്‍എസ്‍പി നേതാവ് എ എ അസീസും എം എം ഹസനും രാജ്മോഹന്‍ ഉണ്ണിത്താനും നടന്‍ ജഗദീഷും പരാജപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത് യുഡിഎഫിലെ സിറ്റിംഗ് എംഎല്‍എമാരായ വര്‍ക്കല കഹാര്‍, എം എ വാഹിദ്, ആര്‍ ശെല്‍വരാജ് എന്നിവരും തോറ്റപ്പോള്‍ ആറന്മുളയില്‍ കെ ശിവദാസന്‍ നായരും തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയും ഇരിങ്ങാലക്കുടയില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും തോല്‍വി അറിഞ്ഞു. ഉദുമ പിടിക്കാനെത്തിയ സുധാകരനും വിജയിക്കാന്‍ കഴിഞ്ഞില്ല. കോട്ടയത്ത് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവും വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റും പരാജയപ്പെട്ടു.
എല്‍ഡിഎഫ് വലിയ വിജയം സ്വന്തമാക്കിയ തൃശൂരില്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനും പട്ടാമ്പിയില്‍ സി പി മുഹമ്മദിനും ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും കുന്നമംഗലത്ത് ടി സിദ്ദിഖിനും വിജയിക്കാന്‍ കഴിഞ്ഞില്ല. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാറിന്റെ തോല്‍വിയും യുഡിഎഫിന് ആഘാതമായി.