കോഴിക്കോട് ഇത്തവണയും ചുവന്നു
ലോകസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് നേടിയ വിജയത്തെ അപ്രസക്തമാക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം.
ലോകസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് നേടിയ വിജയത്തെ അപ്രസക്തമാക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ പത്ത് മണ്ഡലങ്ങളില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കമെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പതിനൊന്ന് മണ്ഡലങ്ങളാണ് ഇടത്തോട്ട് ചാഞ്ഞത്. രണ്ടിടത്തെ വിജയത്തിനപ്പുറം നാദാപുരത്ത് ഇടത് ഭൂരിപക്ഷം കുറക്കാനായതാണ് ജില്ലയിലെ യുഡിഎഫിന്റെ ഏക ആശ്വാസ മുന്നേറ്റം. അതേസമയം ഇടത് കൊടുങ്കാറ്റിനിടയിലും സിറ്റിങ്ങ് മണ്ഡലമായ കുറ്റ്യാടി നഷ്ടപ്പെട്ടതും ലീഗ് നേതാവ് മന്ത്രി എം കെ മുനീര്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചതും എല്‍ഡിഎഫിന് തിരിച്ചടിയായി.
എലത്തൂര്‍, കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലൊഴികെ കോഴിക്കോട്ടെ മറ്റ് പത്തിടങ്ങളിലും ലോകസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. ഈ കണക്കിലെ പ്രതീക്ഷകളിലായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ തയ്യാറെടുപ്പുകള്‍. കൊയിലാണ്ടി, വടകര സീറ്റുകള്‍
ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തങ്ങളുടെ അക്കൌണ്ടില്‍ യുഡിഎഫ് ക്യാന്പ് ചേര്‍ത്തിരുന്നു. 2011ല്‍ വിജയിച്ച കൊടുവള്ളിയും തിരുവന്പാടിയും ഒപ്പം തന്നെയെന്നും യുഡിഎഫ് കണക്ക് കൂട്ടി. എന്നാല്‍ എല്ലാ കണക്കുകളെയും തെറ്റിക്കുന്നതാണ് നിയമസഭ തിരഞ്ഞടുപ്പ് ഫലം.
കൊടുവള്ളിയിലും കൊയിലാണ്ടിയിലും നാണം കെട്ടപ്പോള്‍ തിരുവമ്പാടിയിലും വടകരയിലും അടിയൊഴുക്കുകളാണ് യുഡിഎഫിന് തിരിച്ചടിയായത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ തിരുവമ്പാടിയില്‍ യുഡിഎഫിന്റെ കണക്ക് തെറ്റിച്ചതെങ്കില്‍ ആര്‍എംപിയും ഇടത് സ്ഥാനാര്‍ത്ഥി സി കെ നാണുവുമാണ് വടകരയില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ത്തിയത്. പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകളാണ് ഇടതിന്‍റെ വന്‍ വിജയത്തിന് കളമൊരുക്കിയതെന്നാണ് വിലയിരുത്തല്‍.
സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ ഭാര്യയും മഹിള അസ്സോസിയേഷന്‍ നേതാവും സിറ്റിംങ്ങ് എംഎല്‍യുമായ കെ കെ ലതിക 1062 വോട്ടുകള്‍ക്കാണ് കുറ്റ്യാടിയില്‍ പരാജയപ്പെട്ടത്. കുറ്റ്യാടിയിലെ ഇടത് സ്വാധീന മേഖലകളില്‍ പലതിലും വന്‍ വോട്ട് ചോര്‍ച്ചയുണ്ടായത് ഇടത് ക്യാമ്പിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കോഴിക്കോട് സൌത്തില്‍ മന്ത്രി എം കെ മുനീര്‍ നേടിയ അപ്രതീക്ഷിത ജയവും ഇടത് ക്യാമ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥതപ്പെടുന്നത്.