ചുവപ്പണിഞ്ഞ് കേരളം

Update: 2016-05-21 09:53 GMT
Editor : admin
ചുവപ്പണിഞ്ഞ് കേരളം

നിയമസഭാ തരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം. 91 സീറ്റുകളോടെ ഇടതുമുന്നണി അധികാരത്തിലേക്ക്. യുഡിഎഫിന് 47 സീറ്റ്. തൃശൂരും കൊല്ലവും ചുവന്നു. തിരുവന്തപുരത്തും കണ്ണൂരിലും പാലക്കാടും ആലപ്പുഴയിലും ഇടതിന് വന്‍ മുന്നേറ്റം.

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു തരംഗം. 91 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കെ.ബാബു ഉള്‍പ്പടെ 4 മന്ത്രിമാര്‍ തോറ്റു. ആര്‍എസ്‍പി, ജെഡിയു, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവ സമ്പൂര്‍ണ്ണതോല്‍വി എറ്റുവാങ്ങി. ഒ.രാജഗോപാലിലൂടെ ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറക്കുകയും ചെയ്തു. വോട്ടിംങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ നടന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര 43 വോട്ടിന് വിജയിച്ചു.

Advertising
Advertising

Full View

ഭരണതുടര്‍ച്ചയുണ്ടാകുമെന്ന ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിന്റയും അവകാശവാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു സംസ്ഥാനത്ത് ആഞ്ഞടിച്ച ഭരണ വിരുദ്ധ തരംഗം. 140ല്‍ 91 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സംസ്ഥാന ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചത്.

യുഡിഎഫിന് നേടാനായത് 47 സീറ്റ് മാത്രം. 14 ജില്ലകളില്‍ 11 ഉം എല്‍ഡിഎഫിനൊപ്പം നിന്നു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യുഡിഎഫ് തൂത്തറിയപ്പെട്ടു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും എല്‍ഡിഎഫിന് വ്യക്തമായ മേധാവിത്വം. മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചുനില്‍ക്കാനായത്. യുഡിഎഫിലെ 4 മന്ത്രിമാരും 20 എംഎല്‍എമാരും തോറ്റത് സര്‍ക്കാറിനെതിരായ ജനവികാരത്തിന്റ ആഴം വ്യക്തമാക്കുന്നു.

Full View

തൃപ്പൂണിത്തുറയില്‍ കെ ബാബു, എം സ്വരാജിനോട് 4500 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഷിബു ബേബി ജോണ്‍ ചവറയിലും, കെപി മോഹനന്‍ കൂത്തുപറമ്പിലും പി കെ ജയലക്ഷമി മാനന്തവാടിയിലും തോറ്റു. സ്പീക്കര്‍ എന്‍ ശക്തന്‍, ഡെ.സ്പീക്കര്‍ പാലോട് രവി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ പ്രമുഖര്‍ക്കും അടിതെറ്റി.

കഴിഞ്ഞ തവണ 45 സീറ്റില്‍ വിജയിച്ച സിപിഎമ്മിന്റെ പ്രാതിനിധ്യം ഇത്തവണ 56 ആയി ഉയര്‍ന്നു. 11 സീറ്റിന്റെ വര്‍ധന. 5 സ്വതന്ത്രരെ വിജയിപ്പിക്കാനും പാര്‍ട്ടിക്കായി. ആറ് സീറ്റുകള്‍ വര്‍ധിപ്പിച്ച സിപിഐ 19 സീറ്റോടെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് 21 ലൊതുങ്ങി. മുസ്ലീം ലീഗിന് 18 ഉം കേരളകോണ്‍ഗ്രസ് എമ്മിന് 6 ഉം സീറ്റുകള്‍ ലഭിച്ചു.

ഇടതു തരംഗത്തില്‍ യുഡിഎഫിലെ ജെഡിയു,ആര്‍എസ്‍പി കക്ഷികളും സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി. എല്‍ഡിഎഫില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരളകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭഗത്തിനും ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. നേമത്ത് ഇരു മുന്നണികളെയും ഞെട്ടിച്ചാണ് ഒ രാജഗോപാല്‍ ജയിച്ചുകയറിയത്. 7ഇടങ്ങളില്‍ രണ്ടാംസ്ഥാനത്തെത്താനും ബിജെപിക്കായി. ഒറ്റക്ക് മത്സരിച്ച പി സി ജോര്‍ജ് പൂഞ്ഞാറില്‍ നേടിയ വലിയ ഭൂരിപക്ഷവും തെരഞ്ഞെടുപ്പിലെ സവിശേഷതയായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പാലായില്‍ കെ.എം. മാണിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം 45587.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയത് തിളക്കമാര്‍ന്ന വിജയം. 91 സീറ്റുകള്‍ നേടി വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫ് നേടിയത്.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നുവെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഭരണം ഇത്തവണ വന്‍ വിജയത്തോടെ കൈപ്പിടിയില്‍. പ്രചാരണ സമയത്ത് തിരിച്ചറിയാതിരുന്ന ഇടതുതരംഗം വോട്ടെണ്ണിയപ്പോള്‍ പ്രകടം. ഇടതുകോട്ടകളില്‍ മാത്രമല്ല, യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും അതിന്റെ അനുരണനങ്ങളുണ്ടായി. കൊല്ലത്ത് മുഴുവന്‍ സീറ്റുകളും ഇടതുമുന്നണി നേടി. കണ്ണൂരിന് പുറമെ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കൂടി ഇടതുമുന്നണി ആധിപത്യം വ്യാപിപ്പിച്ചു.

കോണ്‍ഗ്രസ്, ലീഗ് ശക്തികേന്ദ്രങ്ങളായ കൊടുവള്ളി, താനൂര്‍, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവ പിടിച്ചെടുത്തത് ഇടതിന്റെ ശ്രദ്ധേയമായ വിജയങ്ങളാണ്. ഇടുക്കിയില്‍ സീറ്റെണ്ണം വര്‍ധിപ്പിച്ചു. കൊല്ലത്ത് മുന്നണി വിട്ടുപോയ ആര്‍എസ്‍പിയെ നിലംപരിശാക്കി അസംബ്ലിയില്‍ അവരുടെ പ്രാതിനിധ്യം അവസാനിപ്പിച്ചത് മധുരപ്രതികാരമായി. ചുരുക്കം ചില മണ്ഡലങ്ങളിലൊഴികെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെക്കുറിച്ച അവകാശ വാദങ്ങള്‍ അഴിമതി ആരോപണങ്ങള്‍ കൊണ്ട് തകര്‍ക്കാനായതാണ് എല്‍ഡിഎഫിന് തുണയായത്. അതോടൊപ്പം ബിജെപി ഭീഷണി ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ-മതേതര വോട്ടുകള്‍ സമാഹരിച്ചതും ഇടതുമുന്നണി വിജയത്തില്‍ നിര്‍ണായകമായി.

നിലമ്പൂരിലും താനൂരിലും ഇടതു മുന്നണിക്ക് തിളക്കമാര്‍ന്ന വിജയം. ആര്യാടന്‍ മുഹമ്മദിന്റെ കോട്ടയായ നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിന് അടിപതറി. ലീഗിന്റെ ഉരുക്കു കോട്ടയില്‍ താനൂരില്‍ ഇടതു സ്വതന്ത്രന്‍ വി.അബ്ദുറഹ്മാന്‍ ചരിത്രം കുറിച്ചു

3 പതിറ്റാണ്ട് ആര്യാടന്‍ മുഹമ്മദ് വിജയിച്ച നിലന്പൂരില്‍ മകന്‍ ആര്യാടന്‍ ഷൌക്കത്തിന് ദയനീയ തോല്‍വിയാണ് സംഭവിച്ചത്. 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്വതന്ത്രനായ പി.വി അന്‍വര്‍ വിജയിച്ചത്. ലീഗിലെ ഒരു വിഭാഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആര്യാടന്‍ ഷൌക്കത്തിന് എതിരായിരുന്നു. ചെറുപാര്‍ട്ടികളും വിവിധ മത സംഘടനകളുടെ വോട്ടും അന്‍വറിന് അനുകൂലമായി. എല്ലാ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനൊപ്പം നിന്ന താനൂരില്‍ സ്വതന്ത്രനായ വി.അബ്ദുറഹ്മാനിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു.

കോണ്‍ഗ്രസ് വിമതരാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് വിനയായത്.4918 വോട്ടിനാണ് വി.അബ്ദുറഹ്മാന്‍ വിജയിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News