ബിജെപി ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമത്

Update: 2016-05-23 08:42 GMT
Editor : admin
ബിജെപി ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമത്

ഫോട്ടോഫിനിഷില്‍ 89 വോട്ടുകള്‍ക്ക് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതാണ് ഈ മത്സരങ്ങളില്‍ ശ്രദ്ധേയം.

Full View


പതിറ്റാണ്ടുകള്‍ നീണ്ട ബിജെപിയുടെ കാത്തിരിപ്പിന് വിരാമം. നേമത്ത് ഒ രാജഗോപാലിലൂടെ കേരളത്തില്‍ താമര വിരിഞ്ഞു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ രാജഗോപാലിന്റെ വിജയം 8671 വോട്ടുകള്‍ക്കായിരുന്നു. ഏഴ് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തി. 89 വോട്ടിനാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ബിജെപി മുന്നേറ്റം കോണ്‍ഗ്രസിനാണ് കനത്ത നഷ്ടമുണ്ടാക്കിയത്.

കേരളാ നിയമസഭയില്‍ അക്കൌണ്ട് തുറക്കണം എന്ന ബിജെപിയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മോഹം ഒടുവില്‍ സഫലമായി. കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ കേന്ദ്ര മന്ത്രി ഒ രാജഗോപാല്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേധാവിത്തം ഇത്തവണയും ബിജെപിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞു. പരാജയപ്പെട്ടത് സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടി. യു ഡി എഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴിടത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്തി. മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇവിടെ കെ സുന്ദരന്‍ എന്ന അപരന്‍ 467 വോട്ട് നേടിയതും നിര്‍ണായകമായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ച വട്ടിയൂര്‍ക്കാവിലും മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ മത്സരിച്ച കഴക്കൂട്ടത്തും ബിജെപിയാണ് രണ്ടാമത്. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

Advertising
Advertising

37 മണ്ഡലങ്ങളില്‍ 25000ത്തിന് മുകളില്‍ വോട്ടുനേടി. അന്‍പതോളം മണ്ഡലങ്ങളില്‍ 15000ത്തിനും 25000ത്തിനും ഇടയില്‍ വോട്ടുകള്‍. ഇടതുകോട്ടകളായ മലമ്പുഴയിലും ചാത്തന്നൂരും കോണ്‍ഗ്രസ് ബിജെപിക്ക് പിറകില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ബി ജെ പി നേട്ടമുണ്ടാക്കിയപ്പോള്‍ കനത്ത നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിനാണ്. കുണ്ടറയിലും കരുനാഗപ്പളളിയിലുമടക്കം പലയിടത്തും യുഡിഎഫിന് വലിയ വോട്ട് ചോര്‍ച്ചയുണ്ടായി. ഇടുക്കിയിലും കോട്ടയത്തെ ചില മണ്ഡലങ്ങളിലും മാത്രമാണ് ബിജെപിയിലേക്ക് എല്‍ ഡി എഫ് വോട്ട് പോയത്.

Full View

കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ ബിജെപിയെ സഹായിച്ച നേമം മണ്ഡലത്തില്‍ 8671 വോട്ടിനാണ് നിലവിലെ എം എല്‍ എ വി ശിവന്‍കുട്ടി പരാജയപ്പെട്ടത്. കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിഞ്ഞതാണ് തോല്‍വിക്ക് കാരണമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. നേരത്തെ ഇരുപതിനായിരത്തിലധികം വോട്ടുണ്ടായിരുന്നിടത്ത് ഇത്തവണ പതിമൂവായിരത്തി എണ്ണൂറ്റി അറുപത് വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളക്ക് ലഭിച്ചത്.

ആകെ പോള്‍ ചെയ്ത 1,43,911 വോട്ടില്‍ 67813 വോട്ടുകള്‍ പിടിച്ചാണ് ഒ രാജഗോപാല്‍ നേമത്ത് വിജയിച്ചത്. അതായത് 47 ശതമാനത്തിലധികം വോട്ടാണ് ഒ രാജഗോപാല്‍ നേടിയത്. സംസ്ഥാനത്താകെ ഇടത് തരംഗമുണ്ടായെങ്കിലും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ശിവന്‍കുട്ടിക്ക് സീറ്റ് നഷ്ടമായി. കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബിജെപിക്ക് പോയതാണ് ഇതിന് കാരണമെന്നാണ് സിപിഎം വിലയിരുത്തല്‍

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തി ഇരുനൂറ്റി നാല്പത്തിയെട്ട് വോട്ട് ലഭിച്ചിടത്ത് ഇത്തവണ പതിമൂവായിരത്തി എണ്ണൂറ്റി അറുപത് വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളക്ക് ലഭിച്ചത്. യുഡിഎഫിന് 6388 വോട്ടിന്റെ കുറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് ശക്തമല്ലെന്ന ആക്ഷേപവും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Full View

ബിജെപി വിജയിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം ഉറ്റുനോക്കിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഒരു തവണ പോലും ലീഡ് ചെയ്യാന്‍ കുമ്മനം രാജശേഖരനായില്ല. കഴക്കൂട്ടം മണ്ഡലത്തിന്റെ അവസ്ഥയും സമാനമായിരുന്നു. രണ്ടിടത്തും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ബിജെപിക്കുള്ള ആശ്വാസം. കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തിയപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം പിടിച്ചടക്കുകയായിരുന്നു.

ആലോചിച്ച് ഉറപ്പിച്ച് വലിയ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാന പ്രസിഡന്റിനെ തന്നെ ബിജെപി വട്ടിയൂര്‍ക്കാവില്‍ ഇറക്കിയത്. കുമ്മനം രാജശേഖരന്‍ എത്തിയതിന് പുറമേ മുന്നിലുള്ള കണക്കുകളും ബിജെപിക്ക് അനുകൂലമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 2926 വോട്ട് ലീഡുണ്ടായിരുന്നു ബിജെപിക്ക്. കോര്‍പ്പറേഷനിലെ 24 വാര്‍ഡുകളില്‍ 9-ലും വിജയിച്ചതിന്റെ ആത്മ വിശ്വാസം വേറെയും. പക്ഷെ വോട്ടെണ്ണല്‍ തുടങ്ങി അവസാനിച്ചത് വരെ കെ.മുരളീധരന്‍ മാത്രമായിരുന്നു മുന്നില്‍. വോട്ടര്‍മ്മാരുമായുള്ള വ്യക്തി ബന്ധമാണ് വിജയത്തിന്റെ പ്രധാനഘടകം. ഒപ്പം മണ്ഡലത്തില്‍ ചെയ്ത വികസനങ്ങളും. കഴിഞ്ഞ തവണ 16167 വോട്ട് ലീഡ് നല്‍കിയ വട്ടിയൂര്‍ക്കാവുകാര്‍ ഇത്തവണ മുരളീധരന് നല്‍കിയത് 7622 വോട്ടിന്റെ ഭൂരിപക്ഷമാണ്.

വിജയിക്കുമെന്ന് കണക്ക് കൂട്ടി ടി.എന്‍ സീമയെ മത്സരിപ്പിച്ച സിപിഎമ്മിന് മൂന്നാം സ്ഥാനം കൊണ്ട് ത്യപ്തിപ്പെടേണ്ടിവന്നു. ഹാട്രിക്ക് വിജയത്തിന് ശേഷം മത്സരിക്കാനിറങ്ങിയ എം.എ വാഹിദ് അടിപതറി മൂന്നാം സ്ഥാനത്തേക്ക് വീണ കാഴ്ചയാണ് കഴക്കൂട്ടത്ത് കണ്ടത്. സിപിഎമ്മിന്റെ പ്രതീക്ഷകള്‍ കടകംപള്ളി സുരേന്ദ്രന്‍ കാത്തപ്പോള്‍ ബിജെപി സ്വപ്നം കണ്ട മറ്റൊരു മണ്ഡലത്തില്‍ കൂടി തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7500 വോട്ടിന്‍റെ ലീഡുണ്ടായിരുന്ന കഴക്കൂട്ടത്ത് വി.മുരളീധരന്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഫലം പ്രഖ്യാപിക്കുന്നത് വരെ ബിജെപി. 7347-വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളിയുടെ വിജയം. തിരുവനന്തപുരം ജില്ലയില്‍ നിന്ന് വിജയിച്ച ഏറ്റവും പ്രമുഖനായ നേതാവായതുകൊണ്ട് കടകംപള്ളി മന്ത്രിസഭയിലുണ്ടാകുമെന്ന പ്രചരണവും കൊഴുക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News