പതിനഞ്ചോളം മണ്ഡലങ്ങളില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

Update: 2016-05-23 08:43 GMT
Editor : admin
പതിനഞ്ചോളം മണ്ഡലങ്ങളില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശ്രദ്ധേയമായ അഴീക്കോട്ടും ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരത്തും വോട്ടെണ്ണല്‍ ആദ്യാവസാനം ആകാംക്ഷ നിറഞ്ഞതായിരുന്നു.

Full View

നിയമസഭാ തെരഞ്ഞടുപ്പില്‍ പതിനഞ്ചോളം മണ്ഡലങ്ങളില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മാറിമറിഞ്ഞ ലീഡ് നില സ്ഥാനാര്‍ഥികളുടെയും നെഞ്ചിടിപ്പ് കൂട്ടി. മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശ്രദ്ധേയമായ അഴീക്കോട്ടും ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരത്തും വോട്ടെണ്ണല്‍ ആദ്യാവസാനം ആകാംക്ഷ നിറഞ്ഞതായിരുന്നു.

Advertising
Advertising

വീറും വാശിയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ സംസ്ഥാനത്ത് ശ്രദ്ധേയമായ അഴീക്കോട് വോട്ടെണ്ണി തീരും വരെ ആ പോരാട്ട വീര്യം നിലനിര്‍ത്തി. 2011ല്‍ മുസ്ലീം ലീഗിലെ കെ എം ഷാജി പിടിച്ചെടുത്ത സിപിഎമ്മിന്റെ ഈ കുത്തക സീറ്റ് വീണ്ടെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറിനെയാണ് ഇടതുപക്ഷം നിയോഗിച്ചത്. വോട്ടെണ്ണി തീരും വരെ അനിശ്ചിതത്വം. ഇരുവരും പലവട്ടം മുന്നിലെത്തി. എന്നാല്‍ ആര്‍ക്കും വലിയ മേധാവിത്വം ഒരിക്കലും ലഭിച്ചുമില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നികേഷ് കുമാറിന് പരാജയം സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ലീഡ് ഉയര്‍ത്താനും ഷാജിക്കായി.

ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായ കുറ്റ്യാടിയിലും ആദ്യാവസാനം അനിശ്ചിതത്വമായിരുന്നു. സിറ്റിങ് എംഎല്‍എ കെ ലതിക അവസാന നിമിഷം വരെ പൊരുതി നിന്നെങ്കിലും മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ലയോട് 1411 വോട്ടിന് തോറ്റു. കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തനെ തോല്‍പിച്ച സിപിഎമ്മിലെ ഐ ബി സതീശ് കടുത്ത മത്സരത്തിനൊടുവില്‍ സീറ്റ് പിടിച്ചെടുത്തത് 849 വോട്ടിന്. ശക്തികേന്ദ്രമായ കൊടുവള്ളിയില്‍ ഒരിക്കല്‍കൂടി വിമതന്റെ മുന്നില്‍ മുസ്ലിം ലീഗ് അടിയറവ് പറഞ്ഞു. ഇത്തവണ പക്ഷെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇടതുസ്ഥാനാര്‍ഥി കാരാട്ട് റസാഖ് വിജയമുറപ്പാക്കിയത്. ഭൂരിപക്ഷം 573 വോട്ടുമാത്രം.

മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയെ തോല്‍പിച്ച സിപിഎമ്മിലെ ഒ ആര്‍ കേളുവും ഇഞ്ചോടിഞ്ച് പൊരുതിയാണ് സീറ്റ് തിരിച്ചുപിടിച്ചത്. ഇടുക്കി ജില്ലയില്‍ ആവേശം നിറഞ്ഞ മത്സരം പീരുമേട്ടിലായിരുന്നു. യുഡിഎഫിലെ സിറിയക് തോമസിനെ സിറ്റിങ് എംഎല്‍എ ഇ എസ് ബിജിമോള്‍ തോല്‍പ്പിച്ചത് 314 വോട്ടിന്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് അവസാന നിമിഷം വരെ ലീഡ് മാറി മറിഞ്ഞു. എന്‍ഡിഎയും എല്‍ഡിഎഫും പലതവണ മുന്നിലെത്തിയ മഞ്ചേശ്വരത്ത് ഒടുവില്‍ ജയം മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാഖിന്. ഭൂരിപക്ഷം വെറും 89 വോട്ട്. ഇവിടെ റീ കൌണ്ടിങ്ങും നടന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News