കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പ്

Update: 2016-05-23 08:25 GMT
Editor : admin
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പ്

തുടര്‍ഭരണ പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 72 സീറ്റില്‍ നിന്ന 47 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു.

Full View

തുടര്‍ഭരണ പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 72 സീറ്റില്‍ നിന്ന 47 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. മുന്നണിയെ നയിച്ച കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം. 39 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ഒതുങ്ങി. ആര്‍എസ്‍പി, ജെഡിയു കക്ഷികള്‍ക്ക് സീറ്റില്ലാതായി. നാല് മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും തോറ്റു.

2011ലെ തെരഞ്ഞെടുപ്പില്‍ 38 സീറ്റായിരുന്നു കോണ്‍ഗ്രസ് നേടിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പോടെ 39 സീറ്റായി മാറി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലുണ്ടായ ഇടതു തരംഗത്തില്‍ നെയ്യാറ്റിന്‍കര ഉള്‍പ്പെടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് 18 സീറ്റുകളാണ്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്. 6 എംഎല്‍എമാരുണ്ടായിരുന്ന ജില്ലയില്‍ ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞുള്ളൂ. 9 സീറ്റുണ്ടായിരുന്ന തലസ്ഥാന ജില്ലയില്‍ 4 ആയി ചുരുങ്ങി. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് എന്നിവ കോണ്‍ഗ്രസ് എംഎല്‍എമാരില്ലാത്ത ജില്ലകളായി തന്നെ തുടരുന്നു. ഒരു സീറ്റിന്റെ നഷ്ടം മാത്രമുണ്ടായ എറണാകുളത്താണ് കോണ്‍ഗ്രസ് പിടിച്ചു നിന്നത്. കോട്ടയത്ത് 2 സീറ്റും നിലനിര്‍ത്തി. 8 എംഎല്‍എ മാരുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മാണിക്ക് 2 സീറ്റ് നഷ്ടപ്പെട്ടു. പി സി ജോര്‍ജിന്റെ വിജയവും യുഡിഎഫിനും മാണി കോണ്‍ഗ്രസിനും തിരിച്ചടിയാണ്. ആര്‍എസ്‍പി, ജെഡിയു എന്നീ പാര്‍ട്ടികള്‍ക്ക് എംഎല്‍എമാരില്ലാതായി. ബാര്‍ക്കോഴ ആരോപണവിധേയനായ മന്ത്രി കെ ബാബു ഉള്‍പ്പെടെ 4 മന്ത്രിമാര്‍ തോറ്റു. പി കെ ജയലക്ഷ്മി, കെ പി മോഹനന്‍, ഷിബു ബേബി ജോണ്‍ എന്നിവരാണ് ജനരോഷമറിഞ്ഞ മറ്റു മന്ത്രിമാര്‍. സ്പീക്കര്‍ എന്‍ ശക്തനും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ തോല്‍വി രുചിച്ചു.

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ അടിത്തട്ടിലുണ്ടായ ജനരോഷത്തെ തിരിച്ചറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ യുഡിഎഫിന് കാത്തിരിക്കേണ്ടി വന്നു. ഈ തിരിച്ചടി യുഡിഎഫിലും കോണ്‍ഗ്രസിലും ഉണ്ടാക്കുക വലിയ പൊട്ടിത്തറിയായിരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News