ലീഗിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി; ഒരെണ്ണം പിടിച്ചെടുത്തു
യുഡിഎഫ് പരാജയപ്പെട്ടപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്ത പാര്‍ട്ടി മുസ്ലിം ലീഗാണ്.
യുഡിഎഫ് പരാജയപ്പെട്ടപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്ത പാര്‍ട്ടി മുസ്ലിം ലീഗാണ്. 24 സീറ്റില്‍ മല്‍സരിച്ച ലീഗിന് 18 സീറ്റുകള്‍ ലഭിച്ചു. സിറ്റിംഗ് സീറ്റുകളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ടപ്പോള്‍ ഒരെണ്ണം പിടിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. മലപ്പുറത്ത് ലീഗ് ജയിച്ച ഏറനാട് ഒഴികെയുള്ള 12 മണ്ഡലങ്ങളിലും വലിയ തോതില്‍ വോട്ട് കുറഞ്ഞു.
മലപ്പുറം ജില്ലയില്‍ 13 സീറ്റുകള്‍ കൈവശമുണ്ടായിരുന്ന മുസ്ലിം ലീഗിന് താനൂര്‍ നഷ്ടപ്പെട്ടെങ്കിലും ഇടതു തരംഗത്തിലും പിടിച്ചുനില്‍ക്കാനായി.
ജില്ലയിലെ 12 മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞു. തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍, മങ്കട എന്നീ മണ്ഡലങ്ങളിലാണ് ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായത്. എന്നാല്‍ മലപ്പുറം ജില്ലക്ക് പുറത്തുള്ള മണ്ണാര്‍ക്കാട്, കോഴിക്കോട് സൌത്ത്, അഴീക്കോട് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂടി. കെ എം ഷാജി മല്‍സരിച്ച അഴീക്കോടും കോഴിക്കോട് സൌത്തും കടുത്ത പോരാട്ടം നടത്തിയാണ് സീറ്റുകള്‍ നിലനിര്‍ത്തിയത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊടുവള്ളിയില്‍ ഒരിക്കല്‍ കൂടി വിമതന് മുന്നില്‍ പരാജയം നേരിടേണ്ടിവന്നു.
കുറ്റ്യാടിയില്‍ അട്ടിമറി വിജയം നേടിയെങ്കിലും കോഴിക്കോട് ജില്ലയിലെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമായി. ഗുരുവായൂര്‍, പുനലൂര്‍, ബാലുശ്ശേരി സീറ്റുകളിലെ പരാജയം ദയനീയമായിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച മുസ്ലിം ലീഗിന് മോശമല്ലാത്ത സീറ്റുകള്‍ നേടാനായെങ്കിലും വോട്ടുകള്‍ കുറഞ്ഞതും താനൂരിലും കൊടുവള്ളിയിലും അട്ടിമറിയുണ്ടായതും ആഘാതമായി. കൊടുവള്ളിയിലെ തോല്‍വി കോഴിക്കോട് ജില്ലയിലെ പാര്‍ട്ടിയില്‍ സംഘടനാ പ്രശ്നങ്ങള്‍ക്കും വഴിവെക്കും.