ആത്മവിശ്വാസത്തിലും വോട്ടുമറിഞ്ഞെന്ന ആശങ്കയില്‍ ബിജെപി
വിജയ സാധ്യതയുള്ള സീറ്റുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും വോട്ടുമറിച്ചെന്ന ആശങ്കയില്‍ ബിജെപി
ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും ക്രോസ് വോട്ടിംഗ് നടന്നതായുള്ള ആരോപണം ബി ജെ പി നേതൃത്വത്തെ കുഴക്കുന്നു. രണ്ടക്ക സീറ്റുകള്‍ നേടി ശക്തമായ മൂന്നാം മുന്നണിയായി മാറാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. ശക്തമായ മത്സരം നടന്ന പത്തിലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു
മൂന്നാം ചേരിയുടെ ഉദയമാണ് പോളിംഗ് കുതിച്ചുകയറാനുള്ള കാരണമായി ബിജെപി നേതൃത്വം വിലയിരുത്തുന്നത്. 11 വരെ സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയ പ്രതീക്ഷയുണ്ട്. നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, ചെങ്ങന്നൂര്‍, കാസര്‍ക്കോട് സീറ്റുകളില്‍ വിജയം ഉറപ്പിക്കുന്നു. കുട്ടനാട്ടിലും ഉടുമ്പന്‍ചോലയിലും ഘടകകക്ഷിയായ ബിഡിജെഎസും പ്രതീക്ഷ പുലര്‍ത്തുന്നു. മലമ്പുഴ, നെടുമങ്ങാട്, ഏറ്റുമാനൂര്‍, കൈപ്പമംഗലം, കോവളം അടക്കമുള്ള സീറ്റുകളില്‍ അപ്രതീക്ഷിത മുന്നേറ്റവും പ്രതീക്ഷിക്കുന്നു. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ക്രോസ് വോട്ടിങില്‍ നേതൃത്തിന് ആശങ്കയുണ്ട്.
താമര വിരിയാതിരിക്കാന്‍ ഇടതുവലതും കൈകോര്‍ത്തെന്ന പ്രധാന നേതാക്കളുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനകള്‍ ഇതിന് തെളിവാണ്. ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഏകീകരിക്കാനായെന്ന് വിലയിരുത്തുന്ന നേതൃത്വം, തദ്ദേശ തെരഞ്ഞെടുപ്പിലെ 16 ശതമാനത്തില്‍ നിന്നും 18 മുതല്‍ 20 ശതമാനം വരെ വോട്ടുശതമാനം കൂടുമെന്നും കണക്കുകൂട്ടുന്നു.