അമ്മയുടെ മരണമറിഞ്ഞ് വിങ്ങുന്ന മനസ്സുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍
ദുഃഖം ഉള്ളിലൊതുക്കിയാണ് അദ്ദേഹം ചുമതല നിറവേറ്റിയത്. തിരക്കിട്ട ജോലിക്കിടയിലും പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അമ്മയുടെ മരണവാര്‍ത്തയറിഞ്ഞിട്ടും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. ജില്ലാ വരണാധികാരിയായതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ബിജുപ്രഭാകറിന് കഴിഞ്ഞില്ല.
ജയപരാജയങ്ങളെക്കുറിച്ച് സ്ഥാനാര്‍ഥികളും മുന്നണികളും ആകാംക്ഷയിലിരുന്നപ്പോള്‍ വിങ്ങുന്ന മനസുമായാണ് തിരുവനന്തപുരത്തെ ജില്ലാ വരണാധികാരി ബിജു പ്രഭാകര്‍ വോട്ടെണ്ണല്‍ ഏകോപിപ്പിച്ചത്. ഇന്ന് രാവിലെയാണ് ബിജു പ്രഭാകറിന്റെ അമ്മ സരോജിനി അന്തരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ മരണവിവരമറിഞ്ഞിട്ടും കായംകുളത്തെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ദുഃഖം ഉള്ളിലൊതുക്കിയാണ് അദ്ദേഹം ചുമതല നിറവേറ്റിയത്. തിരക്കിട്ട ജോലിക്കിടയിലും പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് ഫലപ്രഖ്യാപനം പൂര്‍ണമായശേഷമുള്ള നടപടികള്‍ കഴിഞ്ഞാണ് ബിജുപ്രഭാകര്‍ കായംകുളത്തേക്ക് തിരിച്ചത്. മുന്‍ ധനകാര്യ മന്ത്രി തച്ചടി പ്രഭാകരന്റെ ഭാര്യയാണ് സരോജിനി അമ്മ. നാളെ ഉച്ചക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. പല്ലന കുമാരനാശാന്‍ ഹൈസ്കൂള്‍ അധ്യാപികയായിരുന്നു അവര്‍.