പ്രചരണ വിഷയങ്ങള്‍ മാറിമറിഞ്ഞ പ്രചരണകാലം; പരസ്യപ്രചാരണം നാളെ അവസാനിക്കും
ഇനി രണ്ട് ദിവസം മാത്രം. കിട്ടാനുള്ള വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. എഴുപത് ദിവസം പിന്നിട്ട പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളായിരുന്നു പ്രചാരണ ആയുധമാക്കിയിരുന്നത്. പിന്നീടങ്ങോട്ട് പ്രചരണ വിഷയങ്ങള്‍ മാറിമറിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ സോളാര്‍, ബാര്‍ ഉള്‍പ്പടെയുളള അഴിമതികളായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണ വിഷയങ്ങള്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും സര്‍ക്കാറിന്റെ വികസന പദ്ധതികളും ചൂണ്ടിക്കാട്ടി തുടര്‍ഭരണം നല്‍കണമെന്ന പ്രചരണം ഭരണപക്ഷവും മുന്നോട്ട് വെച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും അധികം ആയുസ്സുണ്ടായില്ല. അനുദിനം മാറിമറിയുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് രംഗം പിന്നീട് സാക്ഷ്യം വഹിച്ചത്.
പറവൂര്‍ വെടിക്കെട്ടപകടം, മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെയുളള കേസുകള്‍, സ്ത്രീ സുരക്ഷ, ഭൂമി ദാനം, ബിജെപി ബന്ധം ഇങ്ങനെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും മുന്നണികള്‍ പയറ്റിക്കഴിഞ്ഞു. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഘം ചെയത് കൊലപ്പെടുത്തിയ സംഭവം ഇരുമുന്നണികള്‍ക്കം ഒരു പോലെ ആഘാതമായി. സ്ത്രീ സുരക്ഷയിലെ സര്‍ക്കാറിന്റെ വീഴ്ച പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ ജിഷയുടെ അമ്മ സിപിഎം എംഎല്‍എക്കെതിരെ നടത്തിയ ആരോപണം ഉയര്‍ത്തി ഭരണപക്ഷം തിരിച്ചടിച്ചു. മുഖ്യമന്ത്രിക്കെതിരെ 31 കേസുണ്ടെന്ന വിഎസിന്റെ ആരോപണം കോടതി കയറിയതും ഇത്തവണത്തെ സവിശേഷതയായി. ബിജെപിക്ക് ശക്തിയുളളിടങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയായിരുന്നു പ്രചാരണത്തില്‍ പൊട്ടിയ മറ്റൊരു ബോംബ്. ബിജെപിയുഡിഎഫ് ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ യുഡിഎഫ് നേതാക്കള്‍ക്ക് തന്നെ ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടി വന്നു.
ഒരുഘട്ടത്തില്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ആരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. വിഎസും പിണറായിയും ഉമ്മന്‍ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും ഫേസ്ബുക്കില്‍ സജീവമായതോടെ ആരോപണ പ്രത്യാരോപണ ചര്‍ച്ചകള്‍ കവല വിട്ട് സൈബര്‍ ലോകത്തായി. ചൂട് കൂടിയ സമയത്ത് സ്ഥാനാര്‍ഥികളും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയാ പ്രചരണം നടന്നതും ഈ തെരഞ്ഞെടുപ്പിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോമാലിയ പരാമര്‍ശം..അതാണിപ്പോള്‍ ചര്‍ച്ചാ വിഷയം. മറുപടി പറഞ്ഞ് കുമ്മനം രാജശേഖരനും പരാമര്‍ശത്തെ വിമര്‍ശിച്ച് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളും...ഇനി രണ്ട് ദിവസം മാത്രം...കിട്ടാനുള്ള വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടം.