ടിപി വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു

Update: 2017-03-13 16:16 GMT
Editor : Subin
ടിപി വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു

ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉത്തരവ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ തീരുമാനം. കിര്‍മാണി മനോജിനെയും ടി.കെ രജീഷിനെയുമാണ് വിയ്യൂരില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റി ജയില്‍ വകുപ്പ് ഉത്തരവിറക്കിയത്. ടിപി കേസിലെ പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടന്ന റിപ്പോര്‍ട്ടിനെ അവഗണിച്ചാണ് ഇരുവരുടെയും ജയില്‍ മാറ്റം.

ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ സി കെ രാമചന്ദ്രനും പി കെ കുഞ്ഞനന്തനും ഒഴികെയുളളവരെ സുരക്ഷാ കാരണങ്ങളെ തുടര്‍ന്നായിരുന്നു വിയ്യൂര്‍, പൂജപ്പുര ജയിലുകളിലേക്ക് മാറ്റിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടു പിന്നാലെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍ അപേക്ഷ നല്‍കി. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടന്ന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ജയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്ന് ജയില്‍ മാറ്റം സംബന്ധിച്ച തീരുമാനം ജയില്‍ വകുപ്പ് മാറ്റി വെക്കുകയായിരുന്നു.

Advertising
Advertising

ഇതിനിടയിലാണ് വിയ്യൂരില്‍ പാര്‍പ്പിച്ചിട്ടുളള ടി കെ രജീഷിനെയും കിര്‍മാണി മനോജിനെയും കണ്ണൂരിലേക്ക് മാറ്റി ഇന്നലെ ഉത്തരവിറങ്ങിയത്. ഞായറാഴ്ച ഇരുവരെയും കണ്ണൂര്‍ ജയിലിലെത്തിക്കും. കൊടി സുനിയടക്കം കേസിലെ ആറ് പ്രതികളാണ് നിലവില്‍ വിയ്യൂര്‍ ജയിലിലുളളത്. ട്രൌസര്‍ മനോജ്, അണ്ണന്‍ സജിത്ത്, റഫീക്ക് എന്നീ മൂന്ന് പ്രതികള്‍ പൂജപ്പുര ജയിലിലുണ്ട്. മുഴുവന്‍ പ്രതികളെയും ഒന്നിച്ച് കണ്ണൂരിലേക്ക് മാറ്റിയാല്‍ അത് വിവാദത്തിനിടയാക്കുമെന്നതിനാലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് പേരെ മാത്രം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സൂചന. വാടക കൊലയാളികളെ സ്വന്തം ജില്ലയിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ കൂടിയാണ് ഇവരുടെ ജയില്‍ മാറ്റം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News