ശബരിമലയില്‍ 25 ഡോളര്‍ അടച്ചാല്‍ പ്രത്യേക ദര്‍ശനം; തീരുമാനം വിവാദത്തില്‍
പ്രവാസികള്‍ക്ക് 25 ഡോളര്‍ അടച്ചാല്‍ പ്രത്യേക ദര്‍ശനത്തിന് സൌകര്യം നല്‍കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്
ശബരിമല സന്നിധാനത്ത് പണമീടാക്കി ദര്‍ശനം ഒരുക്കാനുളള ദേവസ്വം ബോര്‍ഡിന്റെ നീക്കം വിവാദത്തില്‍. പ്രവാസികള്‍ക്ക് 25 ഡോളര്‍ അടച്ചാല്‍ പ്രത്യേക ദര്‍ശനത്തിന് സൌകര്യം നല്‍കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. ധാരാളം ഭക്തന്മാര്‍ ദര്‍ശനത്തിന് കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിനാല്‍ ദേവസ്വം ബോര്‍ഡിന് സംഭവിക്കുന്ന വരുമാനനഷ്ടം ഒഴിവാക്കാനാണ് പുതിയ പരിഷ്കാരമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്നത്.
ദേവസ്വം ബോര്‍ഡ് പ്രവാസികള്‍ക്ക് 25 ഡോളര്‍ അടച്ചാല്‍ പ്രത്യേക ദര്‍ശന സൌകര്യം നല്‍കുമെന്ന് കാണിച്ച് പത്രക്കുറിപ്പിറക്കി. ഉയര്‍ന്ന തുക നല്‍കേണ്ട വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പ്രയാര്‍ ഗോപാലകൃഷണനെ പരോക്ഷമായി പിന്തുണച്ചിരുന്ന ഹിന്ദുഐക്യവേദി വിഷയത്തില്‍ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തി.
പ്രയാറിന് മനംമാറ്റമുണ്ടായതിന്റെ കാരണമറിയില്ലെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം.