ജയരാജനെ താത്കാലികമായെങ്കിലും മാറ്റിയേക്കും

Update: 2017-05-13 21:38 GMT
ജയരാജനെ താത്കാലികമായെങ്കിലും മാറ്റിയേക്കും

അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍

ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെ താത്കാലികമായെങ്കിലും പദവിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സി പി എമ്മില്‍ ധാരണ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

നിയമന വിവാദം മന്ത്രിസഭക്കും പാര്‍ട്ടിക്കും ഒരുപോലെ ക്ഷീണമായെന്നാണ് നേതൃത്വത്തിന്റെ പൊതുവിലയിരുത്തല്‍. സ്വജനപക്ഷപാതം അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് നിലപാടെടുത്ത കേന്ദ്ര നേതൃത്വം ഉചിതമായ തിരുത്തല്‍ നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. വിജിലന്‍സിന്റെ ത്വരിതാന്വേഷണം ഉറപ്പായിരിക്കെ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി തത്കാലം മുഖം രക്ഷിക്കാനാണ് സി പി എം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണായകം. നാല് മാസം പ്രായമായ സര്‍ക്കാരിനെ നിയമന വിവാദത്തിലൂടെ പ്രതിരോധത്തിലാക്കിയതില്‍ മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ട്. പാര്‍ട്ടിതല നടപടിയും ജയരാജനെ കാത്തിരിക്കുന്നു. കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ജയരാജന്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന വിമര്‍ശമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ പരസ്യമായ ശാസനയോ താക്കീതോ ജയരാജന്‍ നേരിടേണ്ടി വരും. സെക്രട്ടേറിയറ്റിന് മുന്നോടിയായി പിണറായി കോടിയേരി, പിണറായി ജയരാജന്‍ കൂടിക്കാഴ്ചകളും ഇന്നുണ്ടായേക്കും. ഇന്നലെ ജയരാജനും കോടിയേരിയുമായി രണ്ട് വട്ടം കൂടിക്കാഴ്ച്ച നടന്നിരുന്നു.

Tags:    

Similar News