ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു

Update: 2017-05-15 09:01 GMT
Editor : admin | admin : admin
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു
Advertising

മീഡിയവണ്‍ കാമറാമാന്‍ മോനിഷ് മോഹനെ മര്‍ദ്ദിച്ചു; ക്യാമറ തല്ലിത്തകര്‍ത്തു. ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനെയും മര്‍ദ്ദിച്ചു

Full View

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടാം ദിവസവും ഒരു വിഭാഗം അഭിഭാഷകരുടെ അക്രമം. മീഡിയവണ്‍, ഏഷ്യാനെറ്റ് വാര്‍ത്താ സംഘങ്ങള്‍ക്ക് നേരെയാണ് ഒരു വിഭാഗം അഭിഭാഷകര്‍ ആക്രമണം അഴിച്ച് വിട്ടത്. മീഡിയവണിന്റെ കാമറ തല്ലിത്തകര്‍ത്തു. കോടതിയിലെ മീഡിയ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിക്കുള്ളില്‍ തടഞ്ഞുവെച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് തുടര്‍ച്ചയായ രണ്ടാം ദിവസും സംഘര്‍ഷത്തില്‍ കലാശിച്ചത്.

അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇന്നലെ ഒരു വിഭാഗം അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. രാവിലെ റിപ്പോര്‍ട്ടിങിനായി എത്തിയ മാധ്യമപ്രവര്‍ത്തകരെ കയറ്റാതെ മീഡിയ റൂം ഒരു വിഭാഗം അഭിഭാഷകര്‍ താഴിട്ട് പൂട്ടി. ഇത് ചോദ്യം ചെയ്ത വനിത റിപ്പോര്‍ട്ടര്‍മാരടക്കമുളളവരെ അഭിഭാഷകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. തൊട്ടു പിന്നാലെ ഹൈക്കോടതിയിലേക്ക് എത്തിയ മീഡിയവണ്‍ ഏഷ്യാനെറ്റ് വാര്‍ത്താ സംഘങ്ങളെ പ്രകോപനമില്ലാതെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ആതിര, ലിജോ വര്‍ഗീസ്, കാമറമാന്‍ മോനിഷ് മോഹന്‍, ഡിഎസ്എന്‍ജി ഓപ്പറേറ്റര്‍ ബാസില്‍ ഹുസൈന്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, കാമറമാന്‍ രാജേഷ് തകഴി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മീഡിയവണിന്റെ ഒരു കാമറ പൂര്‍ണ്ണമായും തകര്‍ന്നു .

ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാര്‍ച്ചിനു നേരെയും അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു. പൊലീസ് ഇടപെട്ടുവെങ്കിലും അഭിഭാഷകരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലെ കേസുകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചു. മീഡിയ റൂം തകര്‍ത്തതിലും മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചതിലും അഭിഭാഷകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കെയുഡബ്ല്യൂജെയും തീരുമാനിച്ചു.

ഐജി അന്വേഷിക്കും

സംഭവത്തെ കുറിച്ച് എറണാകുളം റേഞ്ച് ഐജി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. ഹൈക്കോടതിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രനെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്.

'മുഖ്യമന്ത്രി ഇടപെടണം'

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍ ആവശ്യപ്പെട്ടു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News