മലബാര്‍ സിമന്റ്സ് അഴിമതി അന്വേഷണം നീതിയുക്തമാകണം: വിജിലന്‍സിനോട് ഹൈക്കോടതി
കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു
മലബാര്‍ സിമന്‍റ്സ് കേസില്‍ നീതിയുക്തമായും സത്യസന്ധമായും അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണത്തില്‍ വീഴ്ചപറ്റിയാല്‍ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വി എം രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബഞ്ച് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയവരെ പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോള്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് നീതിയുക്തവും സത്യസന്ധവുമാകണമെന്ന് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കൂടാതെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായാല്‍ പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
2015ല്‍ നടന്ന വിജിലന്‍സിന്‍റെ ത്വരിത പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും അന്നത്തെ വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍ അടക്കമുള്ളവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്താണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു കൂടാതെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. അതേസമയം വിജിലന്‍സ് വീണ്ടും അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഹരജി ഇന്ന് തീര്‍പ്പാക്കുകയും ചെയ്തു.