ജിസിഡിഎ ചട്ടങ്ങള്‍ ലംഘിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി വിറ്റു

Update: 2017-08-20 03:24 GMT
Editor : Sithara
ജിസിഡിഎ ചട്ടങ്ങള്‍ ലംഘിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി വിറ്റു

ഉയര്‍ന്ന വിപണിമൂല്യമുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ കോടികളുടെ നഷ്ടം ജിസിഡിഎക്ക് ഉണ്ടായതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി

Full View

കൊച്ചി നഗരത്തിലെ കണ്ണായ ഭൂമി ചുരുങ്ങിയ വിലയ്ക്ക് ചട്ടങ്ങള്‍ ലംഘിച്ച് ജിസിഡിഎ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റു. ഭൂമി ടെണ്ടറിലൂടെ സ്വന്തമാക്കിയ സ്വകാര്യവ്യക്തിക്ക് പകരം ബ്ലൂ വണ്‍ റിയല്‍ട്ടേഴ്സ് എന്ന കമ്പനിക്കാണ് ജിസിഡിഎ ഭൂമി തീറെഴുതി നല്‍കിയത്. ഉയര്‍ന്ന വിപണിമൂല്യമുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ കോടികളുടെ നഷ്ടം ജിസിഡിഎക്ക് ഉണ്ടായതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Advertising
Advertising

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1989ല്‍ പൊന്നും വിലക്ക് ഏറ്റെടുത്ത കടവന്ത്ര ഗാന്ധി നഗറിലെ 46 സെന്‍റ് സ്ഥലമാണ് ചട്ടങ്ങളും നടപടിക്രമങ്ങളുമെല്ലാം മറികടന്ന് ജിസിഡിഎ വിറ്റത്. 2005ല്‍ ടെണ്ടര്‍ വിളിച്ച് ഭൂമി വില്‍ക്കാനുള്ള ജിസിഡിഎയുടെ നീക്കം സ്ഥലത്തിന്‍റെ മുന്‍ ഉടമ കോടതിയില്‍ ചോദ്യം ചെയ്തതോടെ നിലച്ചുപോയിരുന്നു. കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ അന്ന് ടെണ്ടര്‍ വിളിച്ച പി എ നാസറിന്‍റെ മുക്ത്യാറായ അബ്ദുള്‍ റഷീദിനാണ് ഇപ്പോള്‍ ഭൂമി വിറ്റിരിക്കുന്നത്. സെന്‍റിന് 17 ലക്ഷം രൂപ വിപണി വിലയിട്ട സ്ഥലം 7,57,589 രൂപ തറവില നിശ്ചയിച്ചാണ് ജിസിഡിഎ വിറ്റത്.

ഭൂമി വിലകുറച്ച് വിറ്റതിലൂടെ ജിസിഡിഎയ്ക്ക് ഉണ്ടായത് 4,12,47,000 രൂപയുടെ നഷ്ടമാണ്. ഭൂമിയുടെ വിപണിമൂല്യം കളക്ടറെ കൊണ്ട് നിശ്ചയിക്കാതെയായിരുന്നു വില്‍പ്പന. മാത്രവുമല്ല ടെണ്ടര്‍ വിളിച്ച് പണം അടച്ച ആളിനുപകരം ഫ്ലാറ്റ് നിര്‍മാതാക്കളായ ബ്ലൂ വണ്‍ റിയല്‍റ്റേഴ്സിനാണ് ജിസിഡിഎ ഭൂമി തീറ് നല്‍കിയത്. തനിക്കും സഹോദരങ്ങള്‍ക്കും വീടുവെയ്ക്കാനെന്ന പേരിലായിരുന്നു ഭൂമിക്കായി നാസര്‍ അപേക്ഷിച്ചിരുന്നത്. ഇതിനുവിരുദ്ധമായാണ് സ്ഥലം ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് കൈമാറിയത്. ഇതിനുപുറമെ ഭൂമി വില്‍ക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ഓഡിറ്റിങ്ങില്‍ വ്യക്തമായി. 2005 ലെ ടെണ്ടര്‍ നടപടി യഥാസമയം റദ്ദ് ചെയ്യാതിരുന്നത് വീഴ്ച്ചയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News