തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒഴിഞ്ഞു കിടക്കുന്നത് നൂറിലധികം ഡോക്ടര്‍മാരുടെ തസ്തികകള്‍

Update: 2017-11-25 02:16 GMT
Editor : Subin

ഏത് ദിവസവും മിന്നല്‍ പരിശോധനക്ക് മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ എത്തുമെന്നിരിക്കെ ഒഴിവ് അടിയന്തരമായി നികത്തേണ്ടതുണ്ട്...

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ഒഴിഞ്ഞ് കിടക്കുന്നത് നൂറിലധികം ഡോക്ടര്‍മാരുടെ തസ്തിക. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമില്ലാത്തതിനാല്‍ കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് മെഡിക്കല്‍ കോളജ്.

പ്രതിദിനം ആയിരകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് നൂറിലധികം ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നത്.ആശുപത്രിയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നില്ലെങ്കിലും കോഴ്‌സുകളുടെ അംഗീകാരത്തെ ഏത് നിമിഷവും ബാധിച്ചേക്കും. ഒരു ബാച്ചില്‍ 150 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ഇതിനനുസരിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമില്ല.

Advertising
Advertising

ഏത് ദിവസവും മിന്നല്‍ പരിശോധനക്ക് മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ എത്തുമെന്നിരിക്കെ ഒഴിവ് അടിയന്തരമായി നികത്തേണ്ടതുണ്ട്. പരിശോധനയില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവ് ശ്രദ്ധയില്‍ പെട്ടാല്‍ കോഴ്‌സുകളുടെ അംഗീകാരം റദ്ധാക്കുകയോ സീറ്റ് വെട്ടിക്കുറക്കുകയോ ചെയ്യാം. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ജനറല്‍ സര്‍ജറി വിഭാഗത്തിലാണ്. ഈ വിഭാഗത്തില്‍ 21 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 11 ഒഴിവുണ്ട്.

പകുതിയോളം ചികിത്സ വിഭാഗങ്ങളും വകുപ്പ് മേധാവികളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ 12 പേര്‍ ദീര്‍ഘ കാലമായി അവധിയിലാണ്. ഒഴിവുകളും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. പിഎസ്എസി നിയമനത്തിലുള്ള കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News