കോഴിക്കോട് ആഭരണ നിര്‍മാണ ശാലകളില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍
സ്വര്‍ണാഭരണ നിര്‍മാണ ശാലകളിലെ സ്വര്‍ണത്തരികള്‍ വാങ്ങാനെന്ന വ്യാജേന എത്തിയാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്...
കൊടുവള്ളിയില്‍ മൂന്നും മുക്കത്തും തിരുവമ്പാടിയിലും രണ്ട് വീതവും ആഭരണ നിര്‍മാണ ശാലകളിലാണ് അടുത്തിടെ മോഷണം നടന്നത്. മൂന്നിടത്തുനിന്നുമായി മൂന്ന് കിലോ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും മോഷ്ടിക്കപ്പെട്ടു. മുക്കത്തെ മോഷണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശി മുഹമ്മദ് ബാവ പിടിയിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു അറസ്റ്റ്. മുക്കത്തും കൊടുവള്ളിയിലും മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്വര്‍ണാഭരണ നിര്‍മാണ ശാലകളിലെ സ്വര്‍ണത്തരികള്‍ വാങ്ങാനെന്ന വ്യാജേന എത്തിയാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. കുറഞ്ഞ വില പറഞ്ഞ് പിന്‍മാറുകയും രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് പതിവെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍ മോഷണത്തിന് പ്രതിയുടെ കൂടെയുണ്ടായിരുന്നയാളെ പിടികൂടാനായിട്ടില്ല. തിരുവമ്പാടിയിലെ മോഷണത്തിനുപിന്നിലും ഇതേ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.