വയനാട്ടില്‍ മലനിരകള്‍ ഇടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മാണം
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര സാഗറിന്‍റെ തീരത്താണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്.
വയനാട് പടിഞ്ഞാറത്തറയില്‍ സംരക്ഷിത വനത്തോട് ചേര്‍ന്നുള്ള മലകള്‍ ഇടിച്ചു നിരത്തി ബഹുനില റിസോര്‍ട്ടുയരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര സാഗറിന്‍റെ തീരത്താണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്. റിസോര്‍ട്ട് നിര്‍മാണത്തിനായി സംരക്ഷിത വനഭൂമിയിലൂടെ റോഡ് വെട്ടി. വനം - റവന്യു വകുപ്പുകളുടെ ഒത്താശയോടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് നിര്‍മാണമെന്നാണ് ആരോപണം. മീഡിയവണ്‍ എക്സ്ക്ലുസിവ്.
ബാണാസുര സാഗറിലെ വനത്തോട് ചേര്‍ന്ന് നാല് കിലോമീറ്ററിലധികം യാത്ര ചെയ്യണം ഇവിടേക്കെത്താന്‍. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്താണ് കുന്നിടിച്ച് ബഹുനിലക്കെട്ടിടം ഉയരുന്നത്. അതും അണക്കെട്ടിനോട് ചേര്‍ന്ന്. മറുവശത്ത് സംരക്ഷിത വനഭൂമിയും. വെസ്റ്റ്ലാന്റ് എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുമ്പോഴാണ് നിര്‍മാണം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ എതിര്‍പ്പു മൂലം പടിഞ്ഞാറത്തറ - പൂഴിത്തോട് ബദല്‍ റോഡ് മുടങ്ങിയിരിക്കുമ്പോഴാണ് വനത്തിലൂടെ ഇങ്ങനെ ഒരു റോഡ് വെട്ടിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുമായി വാഹനങ്ങള്‍ക്ക് പോകാനാണ് ഈ എളുപ്പവഴി.