പടയൊരുക്കം സമാപനത്തിന് പിന്നാലെ രണ്ട് പേര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിന് സമീപം രണ്ട് പേര്‍ക്ക് കുത്തേറ്റു.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എ,ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും വ്യക്തിവൈരാഗ്യവുമാണ് സംഘര്‍ഷത്തിന് പിന്നില്‍. ഏറ്റുമുട്ടലില്‍ തിരുവനന്തപുരം കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ ഉള്‍പ്പെട്ട സംഘമാണ് കുത്തിയതെന്നാണ് പരാതി.
രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനം കഴിഞ്ഞ് മടങ്ങവേയാണ് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം നജീമിന്റെ പരാതി. നജീമിന് തലയ്ക്ക് സാരമായ പരിക്കുണ്ട്.
നജീമിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ തന്നെ നബീലും സംഘവും കുത്തി പരിക്കേല്‍പ്പിച്ചുവെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി ആദേശ് പറയുന്നു.ഗ്രൂപ്പ് തര്‍ക്കവും വ്യക്തിവൈരാഗ്യവുമാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.