മെഡിക്കല്‍ കോഴ വിവാദം ബിജെപി നേതൃയോഗത്തിലും ചര്‍ച്ചയാകും
അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എം ടി രമേശിനെതിരെ ആഞ്ഞടിയ്ക്കാനാണ് വി മുരളീധരന്‍ പക്ഷത്തിന്റെ നീക്കം
സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദം ശനിയാഴ്ച ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ചയാകും. കോഴ വിവാദത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്. ഗ്രൂപ്പ് പോര് ശക്തമായി തുടരുന്ന ബിജെപിയില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.
അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എം ടി രമേശിനെതിരെ ആഞ്ഞടിയ്ക്കാനാണ് വി മുരളീധരന്‍ പക്ഷത്തിന്റെ നീക്കം. കൃഷ്ണദാസ് പക്ഷവും കരുതിക്കൂട്ടിയാണ് നീക്കങ്ങള്‍ നടത്തുന്നത്. മുരളി വിഭാഗത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും എതിര്‍ചേരിയില്‍ ആരംഭിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തിന്റെ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ മുരളി ഗ്രൂപ്പ് അത് ആയുധമാക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ മാത്രമായി വിഷയം ഒതുക്കി തീര്‍ക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ ശ്രമം നടത്തിയപ്പോള്‍
വാര്‍ത്ത പുറത്തെത്തിച്ചതും മുരളി ഗ്രൂപ്പിന്റെ നീക്കങ്ങളായിരുന്നു. പാര്‍ട്ടി അധ്യക്ഷനും സംഘടനാ സെക്രട്ടറിമാര്‍ക്കും രഹസ്യമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ കുമ്മനം അടക്കമുളളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ നേതൃയോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് വഴക്ക് നേതാക്കള്‍ക്കെതിരായ പ്രചാരണങ്ങളിലേക്കെത്തുന്നതില്‍ കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ട്. ഏതായാലും ഗ്രൂപ്പ് പോര് ശക്തമായി തുടരുന്ന പാര്‍ട്ടിയെ, മറ്റൊരു പൊട്ടിത്തെറിയിലേക്കായിരിക്കും പുതിയ സാഹചര്യങ്ങള്‍ കൊണ്ടെത്തിക്കുക. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.