അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനം; മേല്‍ജാതിക്കാരെ സിപിഎം സംരക്ഷിക്കുന്നതായി ആരോപണം

Update: 2018-04-21 19:08 GMT
അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനം; മേല്‍ജാതിക്കാരെ സിപിഎം സംരക്ഷിക്കുന്നതായി ആരോപണം

രാഷ്ട്രീയ ഭിന്നതെയ ജാതീയ വിവേചനമായി വ്യാഖ്യാനിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു

Full View

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനത്തില്‍ സിപിഎം മേല്‍ജാതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ചക്ലിയരുടെ ആരോപണം. എന്നാല്‍, രാഷ്ട്രീയ ഭിന്നതെയ ജാതീയ വിവേചനമായി വ്യാഖ്യാനിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.

ചക്ലിയ യുവതി മേല്‍ജാതിയുവാവിനെ വിവാഹം കഴിച്ച സംഭവത്തില്‍ ചക്ലിയരെ ഭീഷണിപ്പെടുത്തുകയും വീടുകള്‍ക്ക് കല്ലെറിയുകയും ചെയ്യുന്നത് സിപിഎംകാരനായ മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകന്റെ നേതൃത്വത്തിലാണെന്ന് ചൂണ്ടിക്കാട്ടി കോളനിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍, ശിവരാജനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ ഭിന്നതയെ ജാതീയമായി വ്യാഖ്യാനിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ആരോപിച്ചു. ചക്ലിയരില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിവേചനം നേരിടുന്നുവെന്നാണ് ആരോപണം. സിപിഎം ജാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവേചനം ആര് കാണിച്ചാലും വെച്ചു പൊറുപ്പിക്കില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.

അംബേദ്കര്‍ കോളനി സ്ഥാപിച്ചപ്പോള്‍ ചക്ലിയരുടെ വീടുകള്‍ ഒരു പ്രത്യേക ഭാഗത്ത് സ്ഥാപിച്ചതാണ് വിവേചനമുണ്ടാവാന്‍ കാരണമെന്നും പട്ടികജാതി ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസമാണ് ചക്ലിയരുടെ ജീവിതനിലവാരം താഴ്ന്നതാവാനുള്ള കാരണമെന്നുമാണ് പഞ്ചായത്തധികൃതരുടെ വിശദീകരണം.

Tags:    

Similar News