പാലക്കാട് ഐഐടിക്കായി 44 ഏക്കര്‍ സ്വകാര്യഭൂമി ഭൂനിയമപ്രകാരം ഏറ്റെടുക്കാന്‍ ഉത്തരവ്

Update: 2018-04-21 11:22 GMT
പാലക്കാട് ഐഐടിക്കായി 44 ഏക്കര്‍ സ്വകാര്യഭൂമി ഭൂനിയമപ്രകാരം ഏറ്റെടുക്കാന്‍ ഉത്തരവ്

നേരത്തെ ഭൂമി വിട്ടുനല്‍കിയവര്‍ക്ക് തിരിച്ചടി

പാലക്കാട് നിര്‍ദിഷ്ട ഐഐടിക്കായി 44 ഏക്കറിലധികം സ്വകാര്യ ഭൂമി‍, ഭൂനിയമപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ 324 ഏക്കറോളം സ്വകാര്യഭൂമി കളക്ടറുടെ ഒത്തുതീര്‍പ്പില്‍ ഏറ്റെടുത്തിരുന്നു. കളക്ടറുടെ ഒത്തുതീര്‍പ്പിന് വഴങ്ങാതെ കോടതിയെ സമീപിച്ച പത്തോളം കുടുംബങ്ങളുടെ ഭൂമിയാണ് ഭൂനിയമം 2013 പ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയെ സമീപിച്ചാല്‍ ഐഐടി ഭൂമി ഏറ്റെടുക്കല്‍ വീണ്ടും പ്രതിസന്ധിയിലാവും.

Advertising
Advertising

Full View

പാലക്കാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 44.35 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ 2013 ആക്ട് പ്രകാരം ഏറ്റെടുക്കാന്‍ ഉത്തരവായിരിക്കുന്നത്. നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാവണം. ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം, എന്നിങ്ങനെയാണ് ചട്ടങ്ങള്‍.

ജില്ലാ കളക്ടറുടെ ഇടപെടലില്‍ നേരത്തെ 324.74 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് പത്തോളം കുടുംബങ്ങളുടെ മാത്രം ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാവുന്നത്. പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഭൂമിയുടെ ന്യായവില പോലും കിട്ടിയില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം പ്രദേശത്ത് സോഷ്യല്‍ ഇംപാക്ട് അസസ്‍മെന്റ് പഠനം നടത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ പിന്നീട് കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക‌യായിരുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായിരിക്കുന്നത്.

ഐഐടി പാലക്കാട് ക്യാമ്പസിനായി ആകെ 504.54 ഏക്കറാണ് ഭൂമി ഏറ്റെടുക്കേണ്ടത്. സ്വകാര്യ വ്യക്തികളുടെ ബാക്കിയുള്ള ഭൂമി കൂടി ഏറ്റെടുത്തു കഴിഞ്ഞാല്‍ വനം വകുപ്പിന്റെ ഭൂമി ബാക്കിയുണ്ടാകും. വനം വകുപ്പിന്റെ 44.81 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തീരുമാനമായില്ല.

Tags:    

Similar News