ഗീതാ ഗോപിനാഥിനെതിരായ വി എസിന്റെ കത്ത് നേതൃത്വത്തിന് തലവേദന

Update: 2018-04-22 14:42 GMT
ഗീതാ ഗോപിനാഥിനെതിരായ വി എസിന്റെ കത്ത് നേതൃത്വത്തിന് തലവേദന

പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പദവി വേണമെന്ന വി എസിന്റെ ആവശ്യവും തുലാസിലാവും.

Full View

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചതിലൂടെ ഒരിടവേളക്ക് ശേഷം വീണ്ടും പാര്‍ട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ പോര്‍മുഖം തുറന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ് വിഎസിന്റെ നീക്കം. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പദവി വേണമെന്ന വി എസിന്റെ ആവശ്യവും തുലാസിലാവും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലൊന്നും വി എസ് അച്യുതാനന്ദന്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. എം കെ ദാമോദരന്‍ വിവാദത്തിലുള്‍പ്പെടെ കരുതലോടെയായിരുന്നു വി എസിന്റെ പ്രതികരണം. ഭരണ പരിഷ്കാര കമ്മിഷന്‍ പദവിയിലും പാര്‍ട്ടി സ്ഥാനങ്ങളിലും തീരുമാനമാകാതിരിക്കെ തുറന്ന ഏറ്റുമുട്ടല്‍ വേണ്ടെന്ന സമീപനമായിരുന്നു വി എസിന്റേത്. വി എസിന്റെ മൌനം പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും വിമര്‍ശത്തിനും ഇടയാക്കി.

Advertising
Advertising

എന്നാല്‍ ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തെഴുതിയതിലൂടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്ന വ്യക്തമായ സന്ദേശമാണ് വി എസ് നല്‍കുന്നത്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമാണ് ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ എന്നിരിക്കെ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും വി എസിനുണ്ട്. നിയമനത്തില്‍ നേരത്തെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശം ആരായുകയും ചെയ്തിരുന്നു.

30, 31 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോയില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരും. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമെന്ന വി എസിന്റെ ആവശ്യത്തില്‍ സംസ്ഥാന നേതൃത്വം എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ പദവിയില്‍ പുനര്‍വിചിന്തനമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
തനിക്കെതിരായ ആലപ്പുഴ സമ്മേളന പ്രമേയം സംബന്ധിച്ച പി ബി കമ്മിഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന വി എസിന്റെ ആവശ്യത്തില്‍ കേന്ദ്ര നേതൃത്വവും തീരുമാനമെടുത്തിട്ടില്ല.

Tags:    

Similar News