ബിജെപി ഓഫീസ് ആക്രമണം: കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടി
കേന്ദ്രത്തെ പരിഹസിച്ച് ഇപി ജയരാജന്‍
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാനം മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിലുള്ള എതിര്‍പ്പ് മന്ത്രി ഇപി ജയരാജന്‍ തുറന്ന് പ്രകടിപ്പിച്ചു.
ചെറിയൊരു ആക്രമണമാണ് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിന് നേര്‍ക്ക് നടന്നതെങ്കിലും അതീവ ഗൌരവത്തിലാണ് കേന്ദ്രം സംഭവത്തെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച രാജ്നാഥ് സിംഗ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന പരാതിയും രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്ത്രര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്ന മറുപടി സംസ്ഥാനം കേന്ദ്രത്തിന് നല്‍കി. എന്നാല്‍ കേന്ദ്ര നടപടിയെ പരിഹസിച്ച് വ്യവസായമന്ത്രി ഇപി ജയരാജന്‍ രംഗത്ത് വന്നു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേത്യത്വം.
ഈ സാഹചര്യത്തില്‍ സംഭവം നേരിട്ട് അന്വേഷിക്കാന്‍ എംപിമാരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്രനേത്യത്വം തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് കരിദിനം ആചരിച്ചു.