സോളാര്‍ കേസില്‍ നിയമോപദേശം നവംബര്‍ ഒമ്പതിന് മുമ്പ്

Update: 2018-04-29 16:31 GMT
Editor : Subin
സോളാര്‍ കേസില്‍ നിയമോപദേശം നവംബര്‍ ഒമ്പതിന് മുമ്പ്

ടേംസ് ഓഫ് റഫറന്‍സിന് പുറത്തുളള കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ അന്വേഷിച്ചതില്‍ അപാകതയുണ്ടോയെന്നാണ് സര്‍ക്കാര്‍ പ്രധാനമായും ചോദിച്ചിരിക്കുന്നത്. 

പ്രത്യേക നിയമസഭ സമ്മേളനം ചേരുന്ന നവംബര്‍ ഒമ്പതിന് മുമ്പ് നിയമോപദേശം നല്‍കാമെന്ന് റിട്ട.ജസ്റ്റിസ് അരിജിത്ത് പസായത്ത് സര്‍ക്കാരിനെ അറിയിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൈമാറിയിരുന്നു. വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശവും ജസ്റ്റിസ് അരിജിത്ത് പസായത്തിന് നല്‍കിയിട്ടുണ്ട്.

Advertising
Advertising

Full View

പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് മുന്പ് നിയമോപദേശം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടാണ് റിട്ട.ജസ്റ്റിസ് അരിജിത്ത് പസായത്തിന് വിശദാംശങ്ങള്‍ സര്‍ക്കാര്‍ കൈമാറിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വേഗത്തില്‍ നിയമോപദേശം നല്‍കാമെന്ന മറുപടി സര്‍ക്കാരിന് ലഭിച്ചു. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുളള കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ അന്വേഷിച്ചതില്‍ അപാകതയുണ്ടോയെന്നാണ് പ്രധാനമായും ചോദിച്ചിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടങ്കില്‍ കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളും ശുപാര്‍ശകളും നിലനില്‍ക്കാത്ത സാഹചര്യം ഉണ്ടാവും. ലൈംഗീക പീഡനക്കേസ് അടക്കമുള്ളവയാണ് ബാധിക്കുക. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന കണ്ടെത്തലും ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ നിയമോപദേശം നിര്‍ണ്ണായകമാകും.

തുടര്‍ നടപടികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം മുതലെടുക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പുതിയ നിയമോപദേശം ഏതെങ്കിലും തരത്തില്‍ തിരിച്ചടിയുണ്ടാക്കിയാല്‍ അത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ലെന്ന വിലയിരുത്തലിലാണ് ഇടത് ക്യാമ്പും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News