ഇടുക്കിയിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ ധാരണ

Update: 2018-05-02 17:01 GMT
Editor : Jaisy
ഇടുക്കിയിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ ധാരണ

നിര്‍ദിഷ്ട കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ഈ മേഖലയിലാണ് ഇടുക്കി എംപി ജോയ്സ് ജോര്‍ജും കുടുംബവും ഭൂമി കൈവശം വെച്ചിരുന്നത്

ഇടുക്കി ജില്ലയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പട്ടയം അടക്കമുള്ള തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മന്ത്രിതല ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. ജനവാസ മേഖലയെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്ന് വന്നു.സര്‍ക്കാര്‍ തീരുമാനത്തോടെ കുറിഞ്ഞി ഉദ്യാനം വേഗത്തില്‍ യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത മങ്ങി.

Advertising
Advertising

ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ മുഖ്യമന്ത്രി വിളിച്ചത്. റവന്യൂമന്ത്രി,വനം മന്ത്രി, ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എംഎം മണി എന്നിവര്‍ക്ക് പുറമെ ഇടുക്കി കലക്ടര്‍, ദേവികുളം സബ് കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വേണ്ടത്ര അവധാനതയില്ലാതെയാണ് നേരത്തെ അതിര്‍ത്തി നിര്‍ണ്ണയിച്ചെതെന്നും ജനവാസമേഖലകളെ കുറഞ്ഞി ഉദ്യാനത്തിന്റെ പദ്ധതി പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നും മന്ത്രി എംഎം മണി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി താമസിക്കുന്ന ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നും എംഎം മണി പറഞ്ഞു. പട്ടയം പ്രശ്നം പരിഹരിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കണമെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഇതോടെ 2006 ല്‍ വിജ്ഞാപനം ചെയ്ത 3200 ഹെക്ടര്‍ വരുന്ന കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ യോഗം തീരുമാനിച്ചു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മന്ത്രിതല സംഘം ഉടനെ ഇടുക്കിയിലെത്തും. റവന്യു,വനം മന്ത്രിമാര്‍ക്ക് പുറമെ എംഎം മണിയും മന്ത്രിതല സംഘത്തിലുണ്ട്.

പത്തു വര്‍ഷത്തിലേറെയായി തുടരുന്ന തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് വനം വകുപ്പിനുള്ളത്. ജോയ്സ് ജോര്‍ജ്ജ് എംപിയുടേയും കുടുംബാംഗങ്ങളുടേയും പേരിലുണ്ടായിരുന്ന റദ്ദാക്കപ്പെട്ട ഭൂമി കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58 ാം ബ്ലോക്കിലാണ് നിലനില്‍ക്കുന്നത്.കുറിഞ്ഞി ഉദ്യാനത്തിനായി കേന്ദ്രം നോട്ടിഫൈ ചെയ്ത സ്ഥലമാണിത്. എന്നാല്‍ ജോയ്സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നില്ലെന്നാണ് സൂചന. കുറി‍ഞ്ഞി ഉദ്യാനത്തിനായുള്ള സ്ഥലത്തെ കയ്യേറ്റങ്ങള്‍ തിരിച്ച് പിടിക്കാനുള്ള റവന്യൂവകുപ്പിന്റെ നീക്കങ്ങള്‍ ഇന്നത്തെ തീരുമാനത്തോടെ മന്ദഗതിയിലാവും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News