വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍

Update: 2018-05-07 15:02 GMT
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍

30 നോമ്പുകളുടെ പുണ്യം നേടിയാണ് പെരുന്നാള്‍ ആഘോഷം.

വ്രതത്തിലൂടെ നേടിയ ജീവിത വിശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്ര്‍. 30 നോമ്പുകളുടെ പുണ്യം നേടിയാണ് പെരുന്നാള്‍ ആഘോഷം.

മണ്ണില്‍ മനുഷ്യരും വിണ്ണില്‍ മാലാഖമാരും തക്ബീര്‍ ധ്വനികള്‍ ചൊല്ലി ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുകയാണ്. ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദാഘോഷം. പുതുവസ്ത്രങ്ങളും അത്തറിന്റെ സുഗന്ധവും മൈലാഞ്ചിയും നിറം പകരുന്ന ആഘോഷം. പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് സ്രഷ്ടാവിന്റെ നിശ്ചയം. അതുകൊണ്ടു തന്നെ ഈദ്നമസ്കാരത്തിന് മുന്‍പായി കഴിവുള്ള ഓരോ വിശ്വാസിയും ഫിത്റ് സകാത് നല്‍കി.

Advertising
Advertising

സംസ്ഥാനത്തുടനീളം ഈദ്ഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് പാളയം ഇമാം വി പി സുഹൈബ് മൌലവി നേതൃത്വം നല്‍കി. സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലും പെരുന്നാള്‍ നമസ്കാരം നടന്നു. കൊച്ചിയില്‍ വൈറ്റില സലഫി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഷെരീഫ് മേലതില്‍ മൌലവി നമസ്കാരത്തിന് നേതൃത്വം നല്‍കി. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന നമസ്കാരത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

കുടുംബ ബന്ധം സുദൃഢമാക്കുന്ന ദിനം കൂടിയാണ് പെരുന്നാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈദ് മുബാറക്ക് ആശംസിച്ച് സ്നേഹം കൈമാറുന്നു. അങ്ങനെ
സമത്വത്തിന്റെയും സൌഹൃദത്തിന്റെയും ആത്മീയാനുഭൂതിയാണ് വിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്ര്‍ സമ്മാനിക്കുന്നത്.

Tags:    

Writer - കാസിം ഇരിക്കൂര്‍

contributor

Editor - കാസിം ഇരിക്കൂര്‍

contributor

Sithara - കാസിം ഇരിക്കൂര്‍

contributor

Similar News