ആര്‍ ബ്ലോക്കില്‍ കൃഷി പുനരാരംഭിക്കുമെന്ന വാഗ്ദാനം നടപ്പായില്ല
കുട്ടനാടൻ കാർഷിക മേഖലയെ സജീവമാക്കിയിരുന്ന ആർ ബ്ലോക്ക് വർഷങ്ങളായി തരിശായി കിടക്കുന്നു
കുട്ടനാടൻ കാർഷിക മേഖലയെ സജീവമാക്കിയിരുന്ന ആർ ബ്ലോക്ക് വർഷങ്ങളായി തരിശായി കിടക്കുന്നു. കൃഷി നശിച്ചത് മുതലെടുത്ത് സ്വകാര്യ വ്യക്തികൾ ഭൂമി വാങ്ങിക്കൂട്ടുകയാണ്. മന്ത്രി നേരിട്ടെത്തി കൃഷി ആരംഭിക്കുമെന്ന് പറഞ്ഞിട്ടും തുടർനടപടിയായിട്ടില്ല.
കായലിനു നടുവിലെ ഈ തുരുത്തിൽ മണ്ട നശിച്ച് തൂണു പോലെ നിൽക്കുന്ന തെങ്ങുകൾ. പ്ലാവും മാവുമെല്ലാം ഉണങ്ങിക്കരിഞ്ഞു. നൂറു കണക്കിന് മനുഷ്യർ ദിവസവും അധ്വാനത്തിന് എത്തിച്ചേർന്നിരുന്ന പ്രദേശം ഇപ്പോൾ ഇഴജന്തുക്കളുടെയും മറ്റും ആവാസ കേന്ദ്രമാണ്. തെങ്ങ്, കൊക്കോ, വാഴ, കരിമ്പ്, വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ കൃഷി ചെയ്തിരുന്നിടമാണ് ആർ.ബ്ലോക്ക്. ഇതിന്റെ പുനരുജ്ജീവനത്തിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഇതിനിടയിലാണ് പുതിയ കൃഷിമന്ത്രിയുടെ സന്ദർശനം.
കൃഷിയില്ലാതായി മാറിയതോടെ റിസോർട്ട് മാഫിയ ഇവിടെ ഭൂമി വാങ്ങിക്കൂട്ടുന്നതായി പരാതിയുണ്ട്. കൃഷിമന്ത്രിയുടെ സന്ദർശനത്തോടെ കർഷകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിനനുസരിച്ച് തുടർ നടപടിക്ക് വേഗതയില്ലാത്തതിൽ കർഷകർ നിരാശയിലാണ്. സർക്കാർ സഹായമുണ്ടായാൽ ആർ ബ്ലോക്കിനെ പഴയ പ്രതാപത്തിലെത്തിക്കാനാവുമെന്നാണ് കർഷകർ പറയുന്നത്.